തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് ഇന്നും നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം.കേസിൽ വിചാരണ നേരിടാനൊരുങ്ങുന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാജിവെയ്‌ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇന്നലെ നിയമസഭയിൽ വിഷയം അടിയന്തിര പ്രമേയമായി അവതരിപ്പിച്ചിരുന്നു. ഇന്ന് മറ്റ് രീതിയിൽ പ്രശ്‌നം ഉയർത്താനാണ് തീരുമാനം. അതേസമയം ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ മന്ത്രി ഇന്നും നിയമസഭയിൽ എത്തില്ല. മൂന്ന് ദിവസത്തെ അവധിയിലാണ് മന്ത്രിയെന്നാണ് വിവരം.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ സഭ ബഹിഷ്‌കരിച്ചിരുന്നു. മന്ത്രിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ രാജി ആവശ്യം തള്ളിയ മുഖ്യമന്ത്രി അംഗങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് കോടതിയെ സമീപിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു.മന്ത്രി ശിവൻകുട്ടി രാജിവെക്കുക, ക്രിമിനലുകൾക്ക് വേണ്ടി പൊതുഖജനാവ് ധൂർത്തടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ കോൺഗ്രസ് പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചിരുന്നു. അതേസയമം വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിയമസഭ കയ്യാങ്കളിക്കേസ്, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, ഐഎൻഎലിലെ പോര് തുടങ്ങിയവ ചർച്ചയാവും.