ന്യൂഡൽഹി:നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി.സർക്കാർ നടപടി തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിമസഭാ അംഗങ്ങൾക്കുള്ള പരിരക്ഷ ജനപ്രതിനിധികൾ എന്ന നിലയിലുള്ള പ്രവർത്തനത്തിന് മാത്രമാണ്. കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി തെറ്റാണ്. പബ്ലിക്ക് പ്രോസിക്യൂട്ടർ സ്വതന്ത്രമായാണ് പ്രവർത്തിക്കേണ്ടതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള അവകാശമല്ല നിയമസഭാ പരിരക്ഷയെന്ന് വിധി പ്രസ്താവത്തില്‍ അടിവരയിട്ടു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എം.ആര്. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്്. കേസിന്റെ വാദം കേട്ട വേളയില്‍ ജഡ്ജിമാരുടെ ഭാഗത്തുനിന്ന് നിശിത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതികളായ ജനപ്രതിനിധികള്‍ വിചാരണ നേരിടേണ്ടതാണെന്ന് ബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.വി. ശിവന്‍കുട്ടി, കെ.ടി. ജലീല്‍, ഇ.പി. ജയരാജന്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ. സദാശിവന്, കെ. അജിത് എന്നീ പ്രതികള്‍ വിചരണ നേരിടണം എന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. നിയമസഭയ്ക്ക് ഉള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ ഉണ്ടെന്ന് അപ്പീലില്‍ കേരളം വ്യക്തമാക്കിയിരുന്നു.2015 മാര്‍ച്ച് 13-നാണ് വിവാദമായ നിയമസഭാ കയ്യാങ്കളി നടക്കുന്നത്. ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന എല്‍.ഡി.എഫ്. എംഎല്‍എമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. കയ്യാങ്കളി നടത്തിയ എംഎല്‍എ.മാര്‍ക്കെതിരേ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിസമ്മതിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയിലെത്തിയത്.