കണ്ണൂര്‍: കടല്‍ക്ഷോഭത്തില്‍ ഫൈബര്‍ ബോട്ട് തകര്‍ന്ന് കടലിൽ വീണ മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പെട്ടിപ്പാലം കോളനിയിലെ ഷംസുദ്ദീന് (31), കൊല്ലം സ്വദേശികളായ പ്രഭാകരന് (58), കുഞ്ഞാലി (57) എന്നിവരാണ് നിസ്സാര പരിക്കോടെ രക്ഷപ്പെട്ടത്. ഗോപാലപ്പേട്ട തിരുവാണിക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് ഇന്നലെ പകലായിരുന്നു അപകടം. വടകര ചോമ്പാൽ ഹാര്‍ബറില്‍ ഹാര്‍ബറില്‍നിന്ന് ‘പമ്മൂസ്’ തോണിയില്‍ ശനിയാഴ്ച പകല്‍ 2.30ന് മീന്‍പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. മടങ്ങിവരുമ്പോൾ എന്ജിന് തകരാറിലായി ആഴക്കടലില്‍ കുടുങ്ങുകയായിരുന്നു. ഗോപാലപ്പേട്ടയിലെ പ്രജിത്തിന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്മി’ തോണിയില്‍ കെട്ടിവലിച്ചാണ് തീരത്തിനടുത്ത് എത്തിച്ചത്.ഇതിന് പിന്നാലെയാണ് കൂറ്റന്‍ തിരമാലയില്‍ തോണി തകര്‍ന്നത്.തീരദേശ പൊലീസ് എത്തുമ്പോഴേക്കും കടല്‍ക്കോളില്‍പെട്ട് മരണമുഖത്തായിരുന്നു തൊഴിലാളികള്‍. ഗോപാലപ്പേട്ടയിലെ പതിനഞ്ചോളം തൊഴിലാളികളും രക്ഷാദൗത്യത്തില്‍ പങ്കെടുത്തു. കൂറ്റന്‍ കമ്പ ഉപയോഗിച്ചാണ് തൊഴിലാളികളെ കരക്കെത്തിച്ചത്. ഇവര്‍ക്ക് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്കി.