കണ്ണൂർ:വാക്‌സിനെടുക്കാൻ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കണ്ണൂർ കളക്ടർ ടി.വി സുഭാഷിന്റെ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.വാക്‌സിനെടുക്കാൻ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് വേണമെന്നാണ് കളക്ടറുടെ ഉത്തരവ്. എന്നാൽ സൗജന്യമായി കിട്ടേണ്ട വാക്‌സിനെടുക്കാൻ പരിശോധനയ്‌ക്കായി പണം ചെലവാക്കേണ്ട അവസ്ഥയാണ് കളക്ടറുടെ പുതിയ ഉത്തരവോടെ ഉണ്ടായിരിക്കുന്നത്.തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും വാക്‌സിൻ നൽകുകയെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട്. ദിവസങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് വാക്‌സിനായി സ്ലോട്ടുകൾ ലഭിക്കുന്നത്. ഇതിനിടെ ആർടിപിസിആർ പരിശോധനയ്‌ക്ക് പോയാൽ 24 മണിക്കൂറെടുക്കും ഫലം ലഭിക്കാൻ. ഇതോടെ സ്ലോട്ട് നഷ്ടമാവുമെന്നും ജനങ്ങൾ പറയുന്നു.രണ്ട് ഡോസ് വാക്‌സിനെടുക്കാത്തവർ 15 ദിവസം കൂടുമ്പോൾ കൊറോണ ആന്റിജൻ ടെസ്റ്റ് നടത്തണം. തൊഴിലിടങ്ങളിൽ രണ്ട് ഡോസ് വാക്‌സിൻ അല്ലെങ്കിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ബസ് ഓട്ടോ ടാക്‌സി തൊഴിലാളികൾ ഉൾപ്പെടെ എല്ലാവർക്കും ഇത് ബാധകമാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. എന്നാൽ സൗകര്യങ്ങൾ ഒരുക്കാതെയുള്ള അശാസ്ത്രീയമായ നീക്കം വിപരീതഫലം ഉണ്ടാക്കുമെന്ന് ഡോക്ടർമാരുടെ സംഘടന കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നൽകി.