തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. മിനിറ്റുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. നേരത്തെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.അതേസമയം, ശശീന്ദ്രന്‍റെ ഫോണ്‍വിളി വിവാദം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പി സി വിഷ്‌ണുനാഥാണ് നോട്ടീസ് നല്‍കിയത്. സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്നത്തിലാണ് ശശീന്ദ്രന്‍ ഇടപെട്ടത്.കേസ് ദുര്‍ബലപ്പെടുത്തണമെന്ന ഉദ്ദേശം മന്ത്രിക്കുണ്ടായിരുന്നില്ല. മന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ല. പരാതിക്കാരിക്ക് പൂര്‍ണ സംരക്ഷണം ഒരുക്കും. പൊലീസ് കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ഡി.ജി.പി പരിശോധിക്കും. സഭനിര്‍ത്തിവെച്ച് ഫോണ്‍വിളി വിവാദം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.