തൃശൂർ:കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളല്ലെന്ന് പോലീസ് കുറ്റപത്രം.കേസില്‍ കുറ്റപത്രം ജൂലൈ 24-ന് ഇരിഞ്ഞാലക്കുട കോടതിക്ക് മുൻപാകെ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കേസില്‍ ആകെ 22 പ്രതികളാണുള്ളത്.സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അടക്കമുള്ള നേതാക്കളെ സാക്ഷിയാക്കണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.പണത്തിന്റെ ഉറവിടത്തില്‍ ബിജെപികാര്‍ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. കേസ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരിക്കും കുറ്റപത്രത്തില്‍ പ്രധാനമായും ആവശ്യം ഉന്നയിക്കുക. ഇഡി അന്വേഷിക്കേണ്ട വകുപ്പാണിത്. നിലവില്‍ ബിജെപി നേതാക്കളൊന്നും കേസില്‍ സാക്ഷികളല്ല. എന്നാല്‍ പിന്നീട് പ്രോസിക്യൂട്ടര്‍ ചുമതലയേറ്റ ശേഷം കോടതി നടപടികള്‍ തുടങ്ങിയാലേ സാക്ഷി പട്ടികയില്‍ ബിജെപി നേതാക്കള്‍ വരുമോയെന്ന് അന്തിമമായി പറയാന്‍ കഴിയൂ.പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചെലവിനായി എത്തിച്ചതാണെന്നാണ് പൊലീസ് നേരത്തേ ഇരിങ്ങാലക്കുട കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലുള്ളത്. പണം കൊണ്ടുവന്ന ആര്.എസ്.എസ് പ്രവര്ത്തകന് ധര്മരാജന് പൊലീസിന് നല്കിയ മൊഴിയില്‍ ഇക്കാര്യമുണ്ടെങ്കിലും, കോടതിയില്‍ നല്കിയ ഹരജിയിലുള്ളത് ബിസിനസ് ആവശ്യത്തിന് കൊണ്ടുവന്നതെന്നാണ്. എന്നാല്‍, ഇതിന് മതിയായ രേഖകള്‍ ധര്മരാജന് ഹാജരാക്കിയിട്ടുമില്ല.പ്രതികളില്‍നിന്നും സാക്ഷികളില്‍നിന്നും ലഭിച്ച മൊഴികളിലും പണം ബി.ജെ.പിയുടേതാണെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനടക്കമുള്ള നേതാക്കളെല്ലാം ഇത് നിഷേധിക്കുന്ന മറുപടിയാണ് നല്‍കിയത്. കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോള്‍ പല ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറിയ കെ. സുരേന്ദ്രന് ധര്‍മരാജനുമായി പരിചയമുണ്ടെന്നും വിളിച്ചിട്ടുണ്ടെന്നും സമ്മതിച്ചിട്ടുണ്ടെങ്കിലും പണമിടപാടില്‍ ബന്ധമില്ലെന്നാണറിയിച്ചത്. കള്ളപ്പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെങ്കിലും കവര്‍ച്ചക്കേസിലാണ് പരാതി ലഭിച്ചത്. ഇതിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.