കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്ജ്ജുന് ആയങ്കിയുടെ ഭാര്യ അമലയ്ക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്കി കസ്റ്റംസ്.അമലയുടെ മൊഴിയില്‍ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് അമലയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ആദ്യ ചോദ്യം ചെയ്യലില്‍ അര്‍ജ്ജുനെ സംരക്ഷിക്കുന്ന നിലപാടാണ് അമല സ്വീകരിച്ചതെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. പല ചോദ്യങ്ങള്‍ക്കും അമല മറുപടി പറഞ്ഞിട്ടില്ല. രണ്ടാമതും ചോദ്യം ചെയ്യുന്നതിലൂടെ അര്ജ്ജുന് ആയങ്കിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് കസ്റ്റംസ് കരുതുന്നത്.ആദ്യതവണ കസ്റ്റംസില്‍ ഹാജരായ അമലയെ ഉദ്യോഗസ്ഥര്‍ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അര്ജുന് സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് അമല കസ്റ്റംസിന് മൊഴി നല്‍കിയിരുന്നത്.പറയത്തക്ക ജോലിയൊന്നുമില്ലായിരുന്ന അര്ജുന് ആയങ്കി വലിയ ആര്‍ഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. കസ്റ്റംസിന്റെ ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഭാര്യയുടെ അമ്മ നല്കിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അര്ജുന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തില്ല. ഇതിനെ തുടര്‍ന്നാണ് അര്‍ജുന്റെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചുള്ള വിവര ശേഖരത്തിനായി കസ്റ്റംസ് അര്‍ജുന്റെ ഭാര്യയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. എന്നാൽ അര്ജുന് പറയുന്നതുപോലെ വലിയ രീതിയിലുള്ള സാമ്പത്തിക സഹായം ഒന്നും തന്റെ വീട്ടുകാരുടെ പക്കല്‍ നിന്നും അര്ജുന് ഉണ്ടായിരുന്നില്ല എന്നും അമലയുടെ മൊഴികളിലുണ്ട്.