Kerala, News

കോഴിക്കോട് അക്രമിസംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; ശരീരത്തില്‍ നിരവധി പരിക്കുകൾ

keralanews youth kidanpped at gunpoint released found several injuries in the body

കോഴിക്കോട്:അക്രമിസംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. പ്രവാസിയായ അഷ്‌റഫിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുന്ദമംഗലത്തു നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തില്‍ നിരവധി പരിക്കുകളുണ്ട്, ഒരു കാല്‍ ഒടിഞ്ഞ നിലയിലാണ്. ശരീരത്തിലാകമാനം ബ്ലേഡ് കൊണ്ട് മുറിവേറ്റ പാടുകളുണ്ട്. മാവൂരിലെ തടി മില്ലിലാണ് അക്രമിസംഘം ഇയാളെ പാര്‍പ്പിച്ചിരുന്നത്.ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം അഷ്‌റഫിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. കൊടുവള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇതേക്കുറിച്ച്‌ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ തേടുന്നുണ്ട്.അതിരാവിലെയായതിനാല്‍ അയല്‍ക്കാരൊന്നും വിവരം അറിഞ്ഞില്ല. പിന്നീട് അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് നിലവിളി കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അഷ്‌റഫിനെതിരെ കൊച്ചി വഴി സ്വര്‍ണം കടത്തിയതിന് നേരത്തെ കേസുണ്ട്. റിയാദില്‍ നിന്ന് മെയ് അവസാനമാണ് ഇയാള്‍ നാട്ടിലെത്തിയത്. സ്വര്‍ണക്കടത്തിലെ ക്യാരിയറായ അഷ്‌റഫ് റിയാദില്‍ നിന്ന് രണ്ട് കിലോയോളം സ്വര്‍ണം കൊണ്ടുവന്നതായാണ് പൊലീസിന് കിട്ടിയ വിവരം. ഈ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.കൊടുവള്ളി സ്വദേശിയായ നൗഷാദ് എന്നയാള്‍ സ്വര്‍ണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരന്‍ സിദ്ദീഖും പറയുന്നു. സംഘം നേരത്തേയും അഷ്‌റഫിനെ തേടി എത്തിയിരുന്നു. കള്ളക്കടത്ത് സ്വര്‍ണം തന്റെ പക്കല്‍ നിന്നും ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തെന്നാണ് അഷ്‌റഫ് ഇവരോട് പറഞ്ഞിരുന്നത്. സുഹൃത്തുക്കളോടും ഇക്കാര്യം തന്നെയാണ് ആവര്‍ത്തിച്ചിരുന്നത്. കോഴിക്കോട് റൂറല്‍ എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം വടകര ഡിവെഎസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിവന്നത്.

Previous ArticleNext Article