Kerala, News

ലോക്ക്ഡൗണിന്റെ പേരിൽ കടകൾ അടപ്പിക്കുന്നു;കോഴിക്കോട് വ്യാപാരികളും പോലീസും തമ്മിൽ സംഘർഷം

keralanews shops closed in the name of lockdown clash between traders and police in kozhikkode

കോഴിക്കോട്:കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം.എല്ലാദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരികള്‍ പ്രതിഷേധിക്കുന്നത്.വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.ലോക്ക്ഡൗണിന്റെ പേരിൽ കടകൾ അടപ്പിക്കുന്നു.കട അടക്കാന്‍ അഞ്ച് മിനിറ്റ് വൈകിയാല്‍ പോലും പിഴ ഈടാക്കുന്നതായും പ്രതിഷേധക്കാർ ആരോപിച്ചു.പ്രകടനവുമായെത്തി കടകള്‍ തുറക്കാനായിരുന്നു വ്യാപാരികളുടെ ശ്രമം. തുടര്‍ന്നുണ്ടായ നേരിയ സംഘര്‍ഷത്തിനിടെ വ്യാപാരി നേതാക്കളും കടയുടമകളുമടക്കം 30 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും വ്യാപാരികളുടെ പ്രതിഷേധം തുടരുകയാണ്. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്താലും കടകള്‍ തുറക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍.വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തിപ്പെടുത്താനാണ് വ്യാപാരികളുടെ നീക്കം. കഴിഞ്ഞ ദിവസം പ്രതിഷേധ സൂചകമായി വ്യാപാരികള്‍ ഒരുദിവസത്തെ പണിമുടക്ക് നടത്തിയിരുന്നു. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യാപാരികള്‍ക്ക് അനുകൂലമായ നടപടിയുണ്ടായില്ല.കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ടി പി ആര്‍ കൂടുതലുള്ള കോഴിക്കോട് കോര്‍പറേഷന്‍ സി കാറ്റഗറിയിലാണ്. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് കട തുറക്കാന്‍ അനുമതിയുള്ളത്. പെരുന്നാളിന് ഏതാനും ദിവസം മാത്രമിരിക്കെ ആഴ്ചയില്‍ ഒരു ദിവസം മാത്രം തുറക്കുക എന്നത് അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.ആഴ്ചയില്‍ ഒരു ദിവസം മാത്രം കടകള്‍ തുറന്നാല്‍ ഇത് വലിയ തിരക്കിനിടയാക്കുമെന്നും കൊവിഡ് സാഹചര്യം രൂക്ഷമാക്കുമെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ കടകള്‍ തുറന്നാല്‍ ദിവസേന നൂറ്കണക്കിന് പേര്‍ എത്തുന്ന മിഠായിത്തെരുവില്‍ കൊവിഡ് വ്യാപനം രൂക്ഷമാക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. വ്യാപാരികള്‍ പ്രകോപനപരമായ നിലപാട് സ്വീകരിക്കരുതെന്നും ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വ്യാപാരികളുമായി ജില്ലാകളക്ടര്‍ ഉടന്‍ സംസാരിക്കുമെന്നും മന്ത്രി അറിയിച്ചു.

Previous ArticleNext Article