തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകൻ മുരളി സിത്താര (65)യെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടിയൂർക്കാവ് തോപ്പുമുക്ക് അമ്പാടിയിൽ ഇന്നലെ വൈകിട്ട് 3നാണ് മൃതദേഹം കണ്ടത്.ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മുരളി മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. വൈകിട്ടോടെ മകൻ എത്തി വാതിൽ ചവിട്ടി തുറന്നപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.1987ൽ തീക്കാറ്റ് എന്ന ചിത്രത്തിലെ “ഒരുകോടിസ്വപ്നങ്ങളാൽ’ എന്ന ഗാനമാണ് ആദ്യ സിനിമാഗാനം. ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസറായിരുന്നു. ലളിതഗാനം, ഉദയഗീതം തുടങ്ങിയവയ്ക്കടക്കം പാട്ടുകളൊരുക്കി. ഒഎൻവിയുടെ ഏഴുതിരികത്തും നാളങ്ങളിൽ, കെ ജയകുമാറിന്റെ കളഭമഴയിൽ ഉയിരുമുടലും തുടങ്ങിയവ ശ്രദ്ധേയമായ ലളിതഗാനങ്ങളാണ്.ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങൂ, ഓലപ്പീലിയിൽ ഊഞ്ഞാലാടും തുടങ്ങിയവ മുരളി സിതാരയുടെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്.അസ്വാഭാവിക മരണത്തിൽ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. ഭാര്യ: ശോഭനകുമാരി. മക്കൾ : മിഥുൻ (കീബോർഡ് ആർടിസ്റ്റ്), വിപിൻ.