Kerala, News

കൊറോണയ്ക്കിടെ ആശങ്കയായി സിക്ക വൈറസും; തിരുവനന്തപുരത്ത് ഗർഭിണിയ്ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു

keralanews zika virus confirmed in kerala pregnant woman in thiruvananthapuram found infected

തിരുവനന്തപുരം:കൊറോണ ഭീഷണിക്കിടെ സംസ്ഥാനത്ത് ആശങ്കയായി സിക്ക വൈറസും. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള ഗർഭിണിയ്ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് 24 കാരിക്ക് രോഗമുള്ളതായി കണ്ടെത്തിയത്.ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്.സർക്കാർ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചു.പനി, തലവേദന, ശരീരത്തിലെ ചുവന്ന പാടുകൾ എന്നിവയാണ് സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളുമായി കഴിഞ്ഞ മാസം 28നാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ആശുപത്രിയിൽ നടത്തിയ ആദ്യ പരിശോധനയിൽ ചെറിയ തോതിലുള്ള പോസിറ്റീവ് കാണിച്ചു. തുടർന്ന് വിശദമായ പരിശോധയ്ക്കായി സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു.സമാന ലക്ഷണങ്ങളുമായി ചികിത്സ തേടിയ നഗരസഭാ പരിധിയ്ക്കുള്ളിലെ 13 പേർക്ക് സിക്ക വൈറസ് ബാധയുള്ളതായി സംശയമുണ്ട്. ഇവരുടെ പരിശോധനാ ഫലങ്ങൾ ഉടൻ ലഭിക്കും.നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.യുവതിയുടെ പ്രസവം സാധാരണ നിലയിൽ നടന്നു. ഇവർക്ക് കേരളത്തിന് പുറത്തുള്ള യാത്രാ ചരിത്രമൊന്നുമില്ല. പക്ഷെ അവരുടെ വീട് തമിഴ്നാട് അതിർത്തിയിലാണ്. ഒരാഴ്ച മുമ്പ് അവരുടെ അമ്മയ്ക്കും സമാനമായ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.പ്രാഥമികമായി സിക്ക വൈറസാണെന്ന് കണ്ടപ്പോൾ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികൾ സ്വീകരിച്ചു. ജില്ലാ സർവൈലൻസ് ടീം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, സംസ്ഥാന എന്റമോളജി ടീം എന്നിവർ പാറശാലയിലെ രോഗബാധിത പ്രദേശം സന്ദർശിക്കുകയും നിയന്ത്രണ നടപടികൾ ആരംഭിക്കുകയും ചെയ്തു. ദുരിതബാധിത പ്രദേശത്തു നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച ഈഡിസ് കൊതുകിന്റെ സാമ്പിളുകൾ പിസിആർ പരിശോധനയ്ക്കായി അയയ്ക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാനത്ത് ആദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്തു നിന്നും പരിശോധനയ്ക്ക് അയച്ച 19 സാമ്പിളുകളിൽ 13ഉം പോസീറ്റീവാണെന്നാണ് സൂചന. തിരുവനന്തപുരത്ത് പനി ബാധിച്ച്‌ ചികിത്സ തേടിയവരില്‍ ഡെങ്കിപ്പനിയുടെയും ചിക്കന്‍ഗുനിയുടെയും ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. പരിശോധനയില്‍ ഇവ രണ്ടുമല്ലെന്ന് തെളിഞ്ഞതോടെയാണ് സാമ്പിളുകൾ പൂനെയിലേക്ക് അയച്ചത്.പ്രാഥമികമായി സിക്ക വൈറസാണെന്ന് കണ്ടപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

Previous ArticleNext Article