Kerala, News

തിരുവനന്തപുരം കോട്ടൂരിൽ കൂടുതൽ ആനകൾക്ക് ഹെർപ്പസ് സ്ഥിരീകരിച്ചു;വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ കേന്ദ്രസഹായം തേടും

keralanews herpes virus infection confirmed in more elephants in kottur thiruvananthapuram

തിരുവനന്തപുരം: കോട്ടൂരിൽ കൂടുതൽ ആനകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂർവ്വ വൈറസായ ഹെർപ്പസ് ആണ് ആനകളെ ബാധിച്ചിരിക്കുന്നത്. പത്ത് വയസിന് താഴെയുളള ആനകൾക്ക് ഈ വൈറസ് ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും.11 ആനക്കുട്ടികൾ ഉള്ള ഇവിടെ നിലവിൽ മൂന്ന് ആനക്കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടർമാർ ഇവിടെ ക്യാമ്പ് ചെയ്ത് പരിശോധിക്കുകയാണ്. വൈറസ് ബാധിച്ച് രണ്ട് ആനക്കുട്ടികളാണ് കഴിഞ്ഞ ദിവസം ചരിഞ്ഞത്. ഇന്നലെ അർജുൻ എന്ന കുട്ടിയാന ചരിഞ്ഞിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ശ്രീക്കുട്ടിയെന്ന കുട്ടിയാന ചരിഞ്ഞത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിലാണ് മരണകാരണം ഹെർപ്പസ് ആണെന്ന് കണ്ടെത്തിയത്. വേഗത്തിൽ രോഗം പടരുന്നതിനാൽ എല്ലാ കുട്ടിയാനകളേയും പ്രത്യേകം കൂടുകളിലാണ് പാർപ്പിച്ചിട്ടുള്ളത്.മുതിർന്ന ആനകളിൽ രോഗബാധയുണ്ടായാൽ പോലും രോഗ ലക്ഷണം കാണിക്കാറില്ല. ഇതാണ് കുട്ടിയാനകളിൽ രോഗബാധയ്ക്ക് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.ഹെർപ്പസ് ബാധയുടെ ഉറവിടം കണ്ടെത്താൻ സർക്കാർ കേന്ദ്ര സഹായം തേടിയേക്കും.വനമേഖലയോട് ചേർന്ന് കിടക്കുന്ന ആനപരിപാലന കേന്ദ്രമായതിനാൽ രോഗത്തിന്റെ ഉറവിടത്തെ കുറിച്ച് വിശദമായ പഠനം നടത്താനാണ് തീരുമാനം. ഇതിനായി അഞ്ചംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Previous ArticleNext Article