തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ പ്രതിദിന കൊറോണ വിവര പട്ടികയിൽ സർക്കാർ ഇന്ന് മുതൽ പ്രസിദ്ധീകരിക്കും.കൊറോണ ബാധിച്ച് മരിച്ചവരുടെ പേരും വയസും സ്ഥലവും ജില്ലാ അടിസ്ഥാനത്തിലാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക. കൊറോണ മരണം റിപ്പോർട്ട് ചെയ്തതിൽ വ്യാപക ക്രമക്കേട് നടനെന്ന വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ പേരുകൾ പ്രസിദ്ധീകരിക്കുന്നത് പുനരാരംഭിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞ വർഷം ഡിസംബറിലാണ് പേരുകൾ പുറത്തുവിടുന്നത് ആരോഗ്യ വകുപ്പ് നിർത്തിയത്. അതിന് ശേഷം മരിച്ചവരുടെ പട്ടികയിൽ നിന്നും അർഹരായവരെപ്പോലും പുറത്താക്കി എന്നാണ് ആരോപണം. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹരം നൽകണമെന്ന സുപ്രീം കോടതി നിർദ്ദേശം സർക്കാരിന് വൻ തിരിച്ചടിയാവുകയായിരുന്നു.കൊറോണ മരണക്കണക്കിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. സർക്കാരിനെതിരെ ആക്ഷേപം ശക്തമായതോടെയാണ് കണക്കുകൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. എന്നാൽ ക്രക്കേട് നടന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ പുനഃപരിശോധന നടത്തില്ല എന്ന നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ. പട്ടികയിൽ നിന്ന് പുറത്തായ മരണങ്ങളെക്കുറിച്ച് പരാതികളുയർന്നാൽ പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.