കോഴിക്കോട് : കേരളത്തിൽ നിന്നുള്ള കുട്ടികൾക്ക് കേന്ദ്രസർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള അവസരം നഷ്ടമാകുന്നു. ദേശീയ നൈപുണ്യതാ ചട്ടക്കൂടിൽ കേരളം ഉൾപ്പെടാത്തതിനാലാണിത്. 2018-നുള്ളില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ കേന്ദ്രസ്ഥാപനങ്ങളിലും അന്യസംസ്ഥാനങ്ങളിലും തുടര്‍പഠനത്തിനുള്ള സാധ്യതയും കേരളത്തിലെ കുട്ടികള്‍ക്ക് നഷ്ടപ്പെടും.
ഒൻപതു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സുകൾ ദേശീയതലത്തിൽ ഒരു കുടക്കീഴിലാക്കാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണിത്. ഇതനുസരിച്ചു ഒൻപതു മുതൽ പ്ലസ്‌ടു വരെയുള്ള വിദ്യാർത്ഥി നാല് തലത്തിലായി ഒരു തൊഴിൽ പഠിക്കണം. കൃഷി, ഡി ടി പി, അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ സർവീസ് തുടങ്ങി 48 തൊഴിലുകൾ സിലബസിലുണ്ട്. ഭോപ്പാലിലെ പി എസ് എസ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണൽ എഡ്യൂക്കേഷനാണ് സിലബസ് തയ്യാറാക്കിയത്. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇത് നടപ്പാക്കി കഴിഞ്ഞിട്ടും വിദ്യാഭ്യാസത്തിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിൽ ഇനിയും ഇത് നടപ്പിലാക്കിയിട്ടില്ല. ഇത് റെയിൽവേ അടക്കമുള്ള സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ കേരളീയർക്ക് നഷ്ടപ്പെടുത്തും