ന്യൂഡൽഹി:ഒന്നരമാസത്തോളം ലോക്ഡൌണ് ഏർപ്പെടുത്തിയിട്ടും കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകാത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം വീണ്ടും എത്തുന്നു. കേരളം കൂടാതെ നാല് സംസ്ഥാനങ്ങളില്‍ കൂടി കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നുണ്ട്.കോവിഡ് വ്യാപനവും വാക്സിനേഷന് പ്രക്രിയയും വിലയിരുത്തുന്നതിനായി ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതില്‍ രോഗവ്യാപനം ഇനിയും കുറയാത്ത സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘത്തെ അയയ്ക്കാന്‍ തീരുമാനം കൈക്കൊള്ളുകയായിരുന്നു. കേരളം കൂടാതെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘം എത്തുന്നത്. രോഗബാധ കൂടുതലുള്ള ജില്ലകളില്‍ കേന്ദ്ര വിദഗ്ത സംഘം പ്രത്യേക സന്ദര്‍ശനം നടത്തും.ഒന്നര മാസത്തോളം ലോക്ഡൗണും ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കര്‍ശ്ശന നിയന്ത്രണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും പ്രതീക്ഷിച്ച രീതിയില്‍ കോവിഡ് വ്യാപനം കുറയ്ക്കാന്‍ കേരളത്തിന് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10 ന് മുകളില്‍ തന്നെയാണ്. ഇതോടൊപ്പം വൈറസ് വകഭേദങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.