Kerala, News

രാമനാട്ടുകര അപകട ദിവസം കരിപ്പൂരിലെത്തിയ പാലക്കാട്​ സ്വദേശിയെ തട്ടികൊണ്ട്​ പോയി ലഗേജ് കവർന്നതായി പരാതി; പിന്നിൽ കൊടുവള്ളി സംഘമെന്ന് സൂചന

keralanews complaint palakkad native reached karipur airport in day of ramanattukara accident kidnapped kduvalligang behind it

മലപ്പുറം: രാമനാട്ടുകരയില്‍ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ വാഹനാപകടത്തിൽ അഞ്ച് പേര്‍ മരിച്ച ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പാലക്കാട് സ്വദേശിയെ തട്ടികൊണ്ടു പോയതായി പരാതി. വിമാനത്താവളത്തിലെത്തിയ പാലക്കാട് പുതുനഗരം സ്വദേശിയേയാണ് തട്ടികൊണ്ടു പോയത്. സ്വര്‍ണക്കടത്ത് നടത്തുന്ന കൊടുവള്ളി സംഘത്തെ നിയന്ത്രിച്ച സൂഫിയാന്റെ സഹോദരൻ ഫിജാസ് അടക്കം നാല് പേർ ചേർന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് ഫിജാസ്, ഷിഹാബ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ നാല് പ്രതികളാണ് ഉള്ളതെന്നാണ് സൂചന. സ്വര്‍ണക്കടത്ത് സംഘവുമായി നേരത്തെ ബന്ധമുള്ള ആളെയായിരുന്നു തട്ടികൊണ്ട് പോയതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഇയാളെ വിട്ടയക്കുകയും ചെയ്തു. പക്ഷേ, ഇയാളുടെ കൈവശമുണ്ടായിരുന്ന ലഗേജ് കവര്‍ന്നു.കരിപ്പൂരിലെത്തുന്ന കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ ഷഫീഖിനെ കസ്റ്റംസും പിടികൂടിയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ഷഫീഖിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കള്ളക്കടത്തില്‍ ബന്ധമുണ്ടെന്ന സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.

Previous ArticleNext Article