തിരുവനന്തപുരം: ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ നാല് പേര് കസ്റ്റഡിയില്‍. ഇന്നലെ രാത്രി പത്തരയോടെ കൊല്ലം മയ്യനാട് ദളവക്കുഴിയിലെ ഒരു വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്ന പ്രതികളെ തിരുവനന്തപുരത്തുനിന്നുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്.വഞ്ചിയൂര്‍ സ്വദേശി രാകേഷ്, കണ്ണമൂല സ്വദേശി പ്രവീണ്‍, പഴകുറ്റി സ്വദേശി അഭിജിത് നായര്‍, തേക്കുംമൂട് സ്വദേശി ഷിജു എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തയാളും മുഖ്യപ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ് പിടിയിലായതെന്നാണ് വിവരം.ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. മുഖ്യപ്രതിയായ രാജേഷിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. സി.സി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് അക്രമികളെ ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തയാള്‍ പിടിയിലായത്. ചോദ്യം ചെയ്തപ്പോള്‍ രക്ഷപ്പെടാന്‍ സഹായിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചു. 1500 രൂപ രാജേഷിന് ഇയാള്‍ നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തി.ഞായറാഴ്ച രാത്രി 8.30ന് പേട്ട അമ്പലമുക്കിലായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബസമേതം നടയ്ക്കാനിറങ്ങിയ ഏജീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരോട് അപമര്യാദയായി പെരുമാറുകയും കടന്നു പിടിക്കുകയും ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ ഇവര്‍ വെട്ടുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയിട്ടും ഇവര്‍ ഭീഷണിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.