തിരുവനന്തപുരം: മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്കും കുടുംബത്തിനും വധഭീഷണി. കുടുംബത്തെ ഇല്ലാതാക്കുമെന്ന് കാണിച്ചുള്ള ഭീഷണികത്ത് തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലിലാണ് എത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.തിരുവഞ്ചൂരിന്റെ പരാതിയില്‍ അടിയന്തര നടപടി വേണമെന്നും ഗൗരവമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭീഷണി ഗൗരവമായി എടുത്ത് തിരുവഞ്ചൂരിന് സുരക്ഷ ഒരുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭീഷണിക്കു പിന്നില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളാണെന്ന് സംശയിക്കുന്നതായും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പത്ത് ദിവസത്തിനകം ഇന്ത്യ വിടണമെന്നും ഇല്ലെങ്കിൽ ഭാര്യയേയും മക്കളേയും ഉൾപ്പെടെ വകവരുത്തുമെന്നും കത്തിൽ പറയുന്നു. ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തിയതിന്‍റെ പ്രതികാരമാണെന്നു കത്തില്‍ പറയുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാം ഇതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.അദ്ദേഹത്തിനോട് വിരോധമുള്ള ജയിലിലുള്ള ക്രിമിനലുകളായിരിക്കും കത്തയച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. തിരുവഞ്ചൂരിനോട് വിരോധമുള്ളത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലിലായ പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിക്കെതിരേ വരെ കത്തയ്ക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും സംസ്ഥാനത്ത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.