Kerala, News

അനില്‍ കാന്ത് സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി

keralanews anil kant appointed as the new police chief of the state

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി അനില്‍കാന്തിനെ നിശ്ചയിച്ചു.ഡൽഹി സ്വദേശിയാണ്. നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. പോലീസ് മേധാവി സ്ഥാനത്തു നിന്ന് ലോക് നാഥ് ബെഹ്‌റ വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്.യുപിഎസ് സി നൽകിയ മൂന്ന് പേരുടെ പട്ടികയിൽ ഏറ്റവുമധികം സാധ്യത കൽപ്പിച്ചതും അനിൽ കാന്തിനായിരുന്നു. ബി സന്ധ്യ, സുദേഷ് കുമാർ എന്നിവരെ പരിഗണിച്ചിരുന്നവെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. കേരളാകേഡറില്‍ എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി.ഇടക്കാലത്ത് അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, സൗത്ത്സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്‍റ്  ആന്‍റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്. വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64 ആമത് ഓള്‍ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്‍റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു.

Previous ArticleNext Article