Kerala, News

സംസ്ഥാനത്തെ ആദ്യ ഗ്രോതവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇടുക്കി എംപിയും യു ടൂബ് വ്‌ളോഗറും ചേര്‍ന്ന് നടത്തിയ യാത്ര വിവാദത്തില്‍

keralanews travel by Idukki mp and youtube vlogger to idamalkkudi the first tribal panchayat in the state under controversy

മൂന്നാർ:സംസ്ഥാനത്തെ ആദ്യ ഗ്രോതവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇടുക്കി എംപി ഡീൻ കുര്യാക്കോസും യു ടൂബ് വ്‌ളോഗർ സുജിത് ഭക്തനും ചേര്‍ന്ന് നടത്തിയ യാത്ര വിവാദത്തില്‍.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത യാത്രക്ക് പ്രവേശന അനുമതിയുണ്ടായിരുന്നെങ്കിലും വീഡിയോ ചിത്രീകരിക്കാനോ പ്രദര്‍ശിപ്പിക്കാനോ അനുമതി തേടിയിരുന്നില്ല.തിങ്കളാഴ്ച വൈകിട്ട് സോഷ്യൽ മീഡിയയിൽ എത്തിയ 38.28 മിനിറ്റ് ദൈർഗ്യമുള്ള വീഡിയോ ഇതുവരെ 2.5 ലക്ഷത്തോളം പേരാണ് കണ്ടത്. തങ്ങളുടെ സ്ത്രീകളുടെ അടക്കം ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടി നിവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. സഹായമെന്ന പേരില്‍ ഉല്ലാസ യാത്ര നടത്തി ഇതിന്റെ പേരില്‍ വരുമാനം ഉണ്ടാക്കാനാണ് ശ്രമം നടന്നതെന്നാണ് പരാതി ഉയരുന്നത്.സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ പോലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. ഇടമലക്കുടി ട്രൈബല്‍ സ്‌കൂളിലേക്ക് സ്മാര്‍ട്ട് ക്ലാസിന്റെ ആവശ്യത്തിനായി ടിവിയും അനുബന്ധ ഉപകരണങ്ങളും നല്‍കുവാനും സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുവാനുമാണ് സംഘം പോയത്. ഇതിലേക്ക് വേണ്ട ഉപകരണങ്ങള്‍ വാങ്ങി നല്‍കിയതിന്റെ പേരിലാണ് സുജിത്ത് ഇങ്ങോട്ടെക്കെത്തിയത്.എംപി ഉള്‍പ്പെടെ പത്ത് പേര്‍ പ്രവേശിക്കുമെന്ന് മാത്രമാണ് പറഞ്ഞത്. രാജ്യത്ത് കൊവിഡ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത രണ്ട് പഞ്ചായത്തുകളിലൊന്നാണ് ഇടുക്കിയിലെ ഇടമലക്കുടി. സെല്‍ഫ് ക്വാറന്റൈനിലുള്ള ഇവിടേക്ക് അത്യാവശ്യ സര്‍വീസ് അല്ലാതെ മറ്റാര്‍ക്കും പ്രവേശനം അനുവദിക്കാറില്ല. ഇവിടുത്തക്കാര്‍ ആവശ്യങ്ങള്‍ക്ക് മാത്രമാണ് പുറത്തെത്തുന്നത്.ഇവിടെ എത്തിയ സംഘം ഇങ്ങോട്ടുള്ള വഴി, സ്‌കൂള്‍, കുട്ടികള്‍, ഭക്ഷണം, പരിസരമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്. വ്‌ളോഗര്‍ കുട്ടികള്‍ക്ക് ബിസ്‌കറ്റ് നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്.മുൻപും അനുമതിയില്ലാത്ത വനഭൂമിയില്‍ ചിത്രീകരണം നടത്തിയതിന് സുജിത്തിനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം ഇടമലക്കുടിയില്‍ യൂട്യൂബറെ അനധികൃതമായി പ്രവേശിപ്പിച്ചെന്ന വിവാദത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്നും, തെറ്റിദ്ധാരണ മൂലമാണ് വിവാദങ്ങളെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇടമലക്കുടിയില്‍ വിദ്യാഭ്യാസ സഹായം നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് താന്‍ വിളിച്ചിട്ടാണ് യൂട്യൂബറായ സുജിത്ത് ഭക്തന്‍ എത്തിയത്. ജനപ്രതിനിധിയെന്ന നിലയില്‍ ഒപ്പം ആരെ കൊണ്ടുപോകണമെന്ന് തനിക്ക് തീരുമാനിക്കാം. കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സംഘം ഇടമലക്കുടിയിലെത്തിയതെന്നും എംപി കൂട്ടിച്ചേര്‍ത്തു.

Previous ArticleNext Article