തിരുവനന്തപുരം:സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭിക്കാന്‍ ഇനിയും വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ നല്കിയ ഇളവുകള്‍ പലതും പിന്‍വലിക്കാനും നിയന്ത്രണങ്ങളും കര്‍ശനമാക്കാനും സാധ്യതയുണ്ട്. നേരത്തെ ഒന്നരമാസത്തോളം നീണ്ടു നിന്ന സമ്പൂർണ്ണ ലോക്ക്ഡൗണിന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് താഴെയെത്തിക്കാന്‍ സാധിച്ചെങ്കിലും നിലവില്‍ പത്തിന് അടുത്താണ് ടിപിആര്‍. നേരത്തെ നല്കിയ ഇളവുകളാണ് രോഗവ്യാപനം ഒരേ രീതിയില്‍ തന്നെ തുടരാന്‍ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെയെത്തിയ ശേഷം മാത്രം ഇളവുകള്‍ നല്കിയാല് മതിയെന്നായിരുന്നു നേരത്തെ സര്‍ക്കാരിന് ലഭിച്ച നിര്‍ദേശം. എന്നാല്‍ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചാണ് ലോക്ക്ഡൗണ്‍ നയത്തില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇതിന് ശേഷം കാര്യമായ കുറവ് രോഗികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുന്നത്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവ് നല്‍കണമോയെന്ന് തീരുമാനമെടുക്കും. സ്ഥാനമൊട്ടാകെയുള്ള ലോക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ തദ്ദേശസ്ഥാപനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ടി പി ആറിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഓരോ ആഴ്ചയും വിലയിരുത്തലുകളും നടത്തിയിരുന്നു. എന്നാല്‍ ടി പി ആര് 15ല്‍ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാവും.കഴിഞ്ഞ ദിവസം ടി പി ആര് 9.63 ആയി കുറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോഴും മരണ നിരക്ക് കൂടുതലാണ്. നൂറിന് മുകളില്‍ മരണസംഖ്യ ഉയരുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. മൂന്നാം തരംഗം വരും എന്ന് വിദഗ്ദ്ധരടക്കം ഉറപ്പിക്കുമ്പോൾ രണ്ട് തരംഗങ്ങള്‍ക്കിടയിലുള്ള കാലയളവ് വര്‍ദ്ധിപ്പിക്കുക എന്നത് സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണ്. കടുത്ത നിയന്ത്രണങ്ങളാല്‍ മാത്രമേ ഇതു സാധിക്കുകയുള്ളു.ടി പി ആര് എത്രയും വേഗം അഞ്ച് ശതമാനത്തില്‍ എത്തിക്കണം എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ നടപടികള്‍ കടുപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ അഭിപ്രായം.
Kerala, News
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴുന്നില്ല; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കര്‍ശനമാക്കിയേക്കും
Previous Articleകണ്ണൂരിൽ സ്കൂൾ വളപ്പിനുള്ളിൽ നിന്നും ബോംബുകൾ കണ്ടെത്തി