കൊച്ചി:കരിപ്പൂർ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്ജുന് ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഫോണ്‍ രേഖ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ച ശേഷമാണ് കസ്റ്റംസ് അര്‍ജുനെ അറസ്റ്റ് ചെയ്തത്. അർജുനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിപ്പിച്ചിരുന്നു. ഒളിവിലായിരുന്ന അർജുൻ നാടകീയമായാണ് ഇന്നലെ രാവിലെ 11 മണിയോടെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഓഫീസിൽ ഹാജരായത്. ഒൻപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അർജുന്റെ സാമ്പത്തിക സ്രോതസ്സുകൾ ഉൾപ്പെടെ അന്വേഷണസംഘം ചോദിച്ചറിഞ്ഞിരുന്നു. അർജുനായി സ്വർണം കടത്തിക്കൊണ്ടുവന്ന മലപ്പുറം സ്വദേശി ഷഫീഖിനെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് മുഖ്യ ആസൂത്രകൻ അർജുനാണെന്ന് വ്യക്തമായത്. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും.രാവിലെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ആണ് ഹാജരാക്കുക.കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഫീഖിനെ ഇന്ന് കൊച്ചില്‍ എത്തിച്ച് അര്‍ജുനൊപ്പം ചോദ്യം ചെയ്യും.കരിപ്പൂരിലെ സ്വര്‍ണക്കടത്ത് കേസുകളില്‍ കൂടുതല്‍ തുമ്പുണ്ടാക്കാനായുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജലീല്‍, സലിം, മുഹമ്മദ്, അര്ജുന് എന്നിവരുടെ പേരുകളാണ് ഷെഫീഖിന്റെ മൊഴിയില്‍ ഉള്ളത്. ഇവരെ കേന്ദ്രീകരിച്ചും സ്വര്‍ണം പക്കലെത്തിയ ഉറവിടം കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.