Kerala, News

കരിപ്പൂർ സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കി‍ കസ്റ്റംസിനു മുന്നില്‍ ഹാജരായി

keralanews karipur gold smuggling case arjun ayanki present before customs

കൊച്ചി:കരിപ്പൂർ സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിലായിരുന്നു മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റംസിനു മുന്നില്‍ ഹാജരായി. രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അർജുൻ കൊച്ചി ഓഫിസിലെത്തിയത്. ഇന്നു ഹാജരായില്ലെങ്കിര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.കരിപ്പൂര്‍ വിമാനത്തവാളത്തില്‍ സ്വര്‍ണ്ണം കടത്തുന്നതിനിടയില്‍ കസ്റ്റംസ് പിടികൂടിയ മുഹമ്മദ് ഷഫീഖിന് ക്വട്ടേഷന്‍ സംഘനേതാവ് അര്‍ജുന്‍ ആയങ്കിയുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ നേരിട്ട് ജൂണ്‍ 28ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസയച്ചിരുന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് നോട്ടീസ് അയച്ചത്. രാമാനാട്ടുകര അപകടത്തിന് ശേഷം ഒളിവില്‍ പോയ അര്‍ജുനെ പൊലീസിന് ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകനും, സ്വർണക്കടത്തിന് പുറമേ, കടത്തിയ സ്വർണം തട്ടുന്ന സംഘത്തിന്റെ തലവനുമാണ് ഇയാൾ എന്നാണ് റിപ്പോർട്ടിലുള്ളത്.ഇതിനിടെ അര്‍ജുന്റേതായി വാട്സാപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ശബ്ദരേഖയും തെളിവായ് വന്നിരിക്കുകയാണ്. സ്വര്‍ണ്ണം കടത്തേണ്ട രീതിയും കൈമാറേണ്ടത് ആര്‍ക്കെന്ന വിവരവും അര്‍ജുന്‍ ആയങ്കി ശബ്ദരേഖയില്‍ വിവരിക്കുന്നുണ്ട്.അര്‍ജുന്‍ ആയങ്കി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. ഭീഷണിപ്പെടുത്തുന്ന മുഹമ്മദ് ഷഫീഖിനെയാണെന്നും സംശയിക്കുന്നു. കബളിപ്പിച്ചാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും നാട്ടില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്നും ഭീഷണിയിലുണ്ട്. മാഹിയിലേയും പാനൂരിലേയും പാര്‍ട്ടിക്കാര്‍ തന്റെ പിന്നിലുണ്ടെന്നും അര്‍ജുന്‍ ആയങ്കി അവകാശപ്പെടുന്നു. എന്നാല്‍ ഈ ശബ്ദരേഖ അര്‍ജുന്‍ ആയങ്കിയുടെ തന്നെയാണോ എന്ന് കസ്റ്റംസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. രണ്ട് മണിക്കൂര്‍ നേരം വിമാനത്താവളത്തില്‍ കാത്ത് നിന്നിട്ടും പറ്റിച്ചു എന്ന പരാമര്‍ശവും ശബ്ദരേഖയിലുണ്ട്. അര്‍ജുന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു ചുവന്ന സ്വിഫ്റ്റ് കാറില്‍ ഗള്‍ഫില്‍ നിന്നും വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന മുഹമ്മദ് ഷഫീഖിനെ കാണാന്‍ വന്നതായി പറയുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തുകടക്കുന്നതിന് മുൻപ് കള്ളക്കടത്ത് സ്വര്‍ണ്ണത്തോടെ മുഹമ്മദ് ഷഫീഖിനെ പിടികൂടുകയായിരുന്നു.അതേസമയം സംഭവത്തിൽ അർജുന്റെ സുഹൃത്തും, സ്വർണക്കടത്തിനായി ഉപയോഗിച്ച കാറിന്റെ ഉടമയുമായ സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യും. സജേഷിനോട് ജില്ല വിട്ട് പോകരുതെന്ന് കസ്റ്റംസ് നിർദ്ദേശം നൽകി. കടത്തിയ സ്വർണം സജേഷ് കെെകാര്യം ചെയ്തിരുന്നോവെന്ന് പരിശോധിക്കും.

Previous ArticleNext Article