India, Kerala, News

രാജ്യദ്രോഹ പരാമർശം; ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യപേക്ഷയിൽ അന്തിമ വിധി ഇന്ന്

keralanews sedition case final verdict on anticipatory bail application today

കൊച്ചി:രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേല്‍ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും.കേസില്‍ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം കവരത്തി പോലീസ് ഇന്നലെ ഐഷയെ വിട്ടയച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഐഷ സുല്‍ത്താന കവരത്തി പൊലീസിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായത്.ചാനല്‍ ചര്‍ച്ചയ്ക്കിടെ അബദ്ധത്തില്‍ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയെന്നാണ് ജാമ്യാപേക്ഷ പരിഗണിച്ച വേളയില്‍ ഐഷ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ഹര്‍ജിക്കാരി കൃത്യമായ ബോധ്യത്തോടെ കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യദ്രോഹപരാമര്‍ശം നടത്തുകയായിരുന്നുവെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം. ഐഷ നാളെ കൊച്ചിയിലേക്കു മടങ്ങിയേക്കും. എന്നാൽ കേരളത്തിലെത്തുന്ന ഐഷയ്ക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നാണ് സൂചന. ഐഷയ്‌ക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളാണ് ഉള്ളത്.മീഡിയാ വൺ ചാനൽ ചർച്ചയ്ക്കിടെ രാജ്യദ്രോഹ പരാമർശം നടത്തിയ സംഭവത്തിലാണ് ഐഷയ്‌ക്കെതിരെ പോലീസ് കേസെടുത്ത്. കേന്ദ്ര സർക്കാർ കൊറോണ വൈറസിനെ ലക്ഷദ്വീപിൽ ബയോവെപ്പണായി ഉപയോഗിച്ചു എന്നായിരുന്നു ഐഷയുടെ പരാമർശം. ഇത് പിൻവലിക്കാൻ പറഞ്ഞെങ്കിലും ഐഷ തയ്യാറായില്ല. തുടർന്നാണ് ഐഷയ്‌ക്കെതിരെ പരാതിയുമായി ബിജെപി നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയത്.

Previous ArticleNext Article