തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍(73) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. സംസ്‌കാരം വൈകീട്ട് തിരുവനന്തപുരം പൂവച്ചല്‍ കുഴിയംകൊണം ജമാ അത്ത് പള്ളിയില്‍ നടക്കും.1948 ഡിസംബര്‍ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം അബൂക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദര്‍ ജനിച്ചത്. ഭാര്യ- ആമിന, മക്കള്‍- തുഷാര, പ്രസൂന. 1972 -ല്‍ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദര്‍ പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങള്‍ രചിച്ചു. 400ലേറെ ചിത്രങ്ങള്‍ക്ക് 1200ലേറെ ജീവനുള്ള പാട്ടുകള്‍ സമ്മാനിച്ചു. പാളങ്ങള്‍, ബെല്‍റ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മില്‍ തമ്മില്‍, ചാമരം, ചൂള, തകര, സന്ദര്‍ഭം, കായലും കയറും, ദശരഥം, താളവട്ടം തുടങ്ങിയ നിരവധി ചിത്രങ്ങളിലെ പാട്ടുകള്‍ ശ്രദ്ധ നേടി.മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ പാട്ടെഴുതി. ശര റാന്തല്‍ തിരി താഴും.., ഏതോ ജന്മ കല്പനയില്‍.., പൂ മാനമേ.., നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…, മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ…, തുടങ്ങി പൂവച്ചല്‍ ഖാദര്‍ എഴുതി അനശ്വരമാക്കിയ വരികള്‍ നിരവധിയാണ്.