ന്യൂഡൽഹി:കോവിഡ് വാക്‌സിനേഷന് ഇനി മുൻകൂട്ടിയുള്ള ബുക്കിങ്ങും രജിസ്ട്രേഷനും നിർബന്ധമില്ലെന്ന് കേന്ദ്രസർക്കാർ.18 വയസ്സും അതിനു മുകളിലുള്ള ആർക്കും അടുത്തുള്ള രജിസ്‌ട്രേഷൻ സെന്ററിലെത്തി മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ വാക്‌സിനെടുക്കാം. പ്രതിരോധ കുത്തിവെയ്പ്പിന്റെ വേഗത വർധിപ്പിക്കുന്നതിനും വാക്‌സിൻ എടുക്കുന്നതിനുള്ള മടി അകറ്റുന്നതിനുമാണ് പുതിയ തീരുമാനം.ഗ്രാമപ്രദേശങ്ങളിൽ വാക്‌സിനേഷൻ മന്ദഗതിയിലാണ് നടക്കുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.ജൂൺ 21 മുതൽ രാജ്യത്തെ 18 വയസ്സിനു മുകളിലുള്ള 75 ശതമാനം പേർക്കും കേന്ദ്രസർക്കാർ വാക്‌സിൻ സൗജന്യമായി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.അതേസമയം കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം സംസ്ഥാനങ്ങൾ എങ്ങനെ നടപ്പിലാക്കും എന്നത് ശ്രദ്ധേയമാണ്. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് കേരളത്തിലടക്കം ബുക്കിംഗ് സംവിധാനം തുടരുമെന്നാണ് സൂചന.