India, News

ട്വിറ്ററിന്റെ ഇന്ത്യയിലെ നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

keralanews central government removes legal protection of twitter in india

ന്യൂഡല്‍ഹി: ട്വിറ്ററിന് ഐടി നിയമപ്രകാരമുള്ള പരിരക്ഷ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ പുതിയ ഐടി ചട്ടപ്രകാരം നിയമാനുസൃത ഓഫീസര്‍മാരെ നിശ്ചിത സമയത്തിനുള്ളില്‍ നിയമിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമങ്ങള്‍ നടപ്പാക്കാനുളള അവസാന തീയതി മെയ് 25 ആയിരുന്നു. മെയ് 25 ന് ശേഷവും ഇതിനുള്ള നടപടികള്‍ ട്വിറ്റര്‍ പൂര്‍ത്തിയാക്കിയില്ല. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷമാണ് നിയമം നടപ്പാക്കാനുള്ള നടപടികള്‍ ട്വിറ്റര്‍ ആരംഭിച്ചത്. നിശ്ചിത തീയതിക്കകം നിയമങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ട്വിറ്ററിനുള്ള നിയമപരിരക്ഷ ഒഴിവാക്കിയതെന്നാണ് സൂചന. നിയമപരിരക്ഷ നഷ്ടമായതോടെ ഇനിമുതല്‍ ട്വിറ്ററില്‍ വരുന്ന ഉള്ളടക്കത്തിന് കമ്പനിക്കെതിരെ കേസെടുക്കാം.

ട്വിറ്ററിനെതിരേ ഉത്തര്‍പ്രദേശില്‍ ഫയല്‍ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് ഇലക്‌ട്രോണിക്‌സ് ഐടി മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ജൂണ്‍ അഞ്ചിന് ഗാസിയാബാദില്‍ പ്രായമായ മുസ്ലീം വൃദ്ധന് നേരെ ആറുപേര്‍ അതിക്രമം നടത്തിയിരുന്നു. ബലംപ്രയോഗിച്ച്‌ തന്റെ താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നുമാണ് വൃദ്ധന്‍ ആരോപിച്ചത്. ഈ സംഭവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉളളടക്കം ട്വിറ്ററില്‍ പ്രചരിച്ചുവെന്നും ഇത് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിനെതിരേ യുപിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ വൃദ്ധന് നേരെ ഉണ്ടായത് സാമുദായിക ആക്രമണമല്ലെന്നും ഇയാള്‍ വിറ്റ മന്ത്രത്തകിടുകളില്‍ അസംതൃപ്തരായ ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന ആറുപേര്‍ ചേര്‍ന്നാണ് ഇയാള്‍ക്കെതിരേ അതിക്രമം നടത്തിയതെന്നും യുപി പോലീസ് പറയുന്നു. ഗാസിയാബാദ് സംഭവത്തിന് സാമുദായിക പരിവേഷം ചാര്‍ത്തി സാമുദായിക വികാരത്തെ വ്രണപ്പെടുത്തിയതിന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും ട്വിറ്ററിനുമെതിരേ പോലീസ് കുറ്റം ചുമത്തിയിരുന്നു. ജൂണ്‍ 14ന് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതുസംബന്ധിച്ച്‌ പത്രക്കുറിപ്പ് പങ്കുവെച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടും സംഭവുമായി ബന്ധപ്പെട്ടുളള തെറ്റിദ്ധാരണജനകമായ പോസ്റ്റുകള്‍ പിന്‍വലിക്കുന്നതിനുളള നടപടികള്‍ ട്വിറ്റര്‍ സ്വീകരിച്ചില്ലെന്നും പോലീസ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിനെതിരേ കേസെടുത്തിരിക്കുന്നത്. ട്വിറ്ററിന് ഇന്ത്യയില്‍ ഒരു നിയമപരിരക്ഷയും ഇല്ലാത്തതിനാല്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോ കൃത്രിമ വീഡിയോ എന്ന് ടാഗ് ചെയ്യാത്തതിനെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥരാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ഐടി നിയമം അനുശാസിക്കുന്ന നിയമ പരിരക്ഷ നഷ്ടപ്പെട്ട ഏക അമേരിക്കന്‍ കമ്ബനിയാണ് ട്വിറ്റര്‍.

Previous ArticleNext Article