കണ്ണൂർ:സംസ്കരിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ പയ്യാമ്പലം ബീച്ചില്‍ തള്ളിയതായി പരാതി.ശ്മശാനത്തില്‍ സംസ്കരിച്ച മൃതദേഹങ്ങളുടെ എല്ലിന്‍കഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ബീച്ചില്‍ കുഴിയെടുത്ത് കുഴിച്ചുമൂടിയത് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.ശനിയാഴ്ച രാത്രിയിലാണ് സംഭവമെന്നാണ് കരുതുന്നത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ശ്മശാനത്തിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തത്. ബീച്ചില്‍ കുഴിയെടുത്ത് അതിലേക്ക് ടിപ്പറില്‍ അവശിഷ്ടങ്ങള്‍ കൊണ്ടുപോയിട്ടുവെന്നാണ് ആക്ഷേപം.കനത്തമഴയില്‍ മണല്‍ ഒഴുകിപ്പോയതോടെയാണ് എല്ലിന്‍കഷണങ്ങളും അവശിഷ്ടങ്ങളും പുറത്തുവന്നത്. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയവരാണ് ബീച്ചില്‍ വലിയ കുഴി കണ്ടത്.തുടർന്ന് പരിശോധിച്ചപ്പോൾ അസ്ഥികള്‍ ഉള്‍പ്പെടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.വിവരമറിഞ്ഞ് പരിസരവാസികളും ഐ.ആര്‍.പി.സി, ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി.ശ്മശാനം കോർപറേഷന്റെ അധീനതയിലാണ്.ബീച്ച് ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലും.ടൂറിസ്റ്റ് കേന്ദ്രമായ ബീച്ചില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടേത് ഉള്‍പ്പെടെയുള്ള മൃതദേഹങ്ങള്‍ സംസ്ക്കരിച്ചതിന്റെ അവശിഷ്ടങ്ങള്‍ കുഴിയെടുത്ത് നിക്ഷേപിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ഡി.ടി.പി.സി. ലോക്ഡൗണ്‍ കാരണം ഈ ഭാഗത്തേക്കുള്ള റോഡ് പൊലീസ് അടച്ചിരുന്നു. അതെല്ലാം മാറ്റിയ ശേഷമാണ് മണ്ണുമാന്തിയും ടിപ്പറും എത്തിച്ചതെന്നാണ് കരുതുന്നത്.കോര്‍പറേഷനുമായി ഒരുബന്ധവും ഇല്ലാത്ത സംഭവത്തില്‍ കോര്‍പറേഷന് മേല്‍ കെട്ടിവെച്ച് പഴിചാരുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്ന് മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ പറഞ്ഞു.മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ പി.കെ. രാഗേഷ്, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, ബി.ജെ.പി ജില്ല പ്രസിഡന്‍റ് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ഐ.ആര്‍.പി.സി ചെയര്‍മാന്‍ പി.എം. സാജിദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.