തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി ബജറ്റില്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2,800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും അനുവദിക്കും. സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ, സബ്സിഡി എന്നിവയ്ക്കായി 8300 കോടിയും ഈ പാക്കേജിലൂടെ ലഭ്യമാക്കും.ഒരു കേന്ദ്രത്തിനു മൂന്നു കോടി രൂപ ചിലവിൽ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കും. ഇതിനായി 636.5 കോടി രൂപ ആകെ ചെലവു വരുമെന്നും ധനമന്ത്രി പറഞ്ഞു.തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി അനുവദിച്ചു. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ എല്ലാ മെഡിക്കല്‍ കോളജിലും പ്രത്യേക ബ്ലോക്ക് ആരംഭിക്കും. പീഡിയാട്രിക് ഐസിയു കിടക്കള്‍ വര്‍ധിപ്പിക്കും.വാക്സിൻ വിതരണ കേന്ദ്രത്തിന് പത്ത്കോടി രൂപ അനുവദിക്കും. ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ ഉല്പാദന യൂണിറ്റുകൾ സ്ഥാപിക്കും. വാക്സിന് ഗവേഷണത്തിന് പദ്ധതിയുണ്ടാക്കും. കോവിഡ് ചികിത്സ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.