തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിന്റെ അവതരണം നിയമസഭയില്‍ തുടങ്ങി. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ആദ്യ ബജറ്റാണിത്.വികസനം ലക്ഷ്യമിടുന്ന പോസ്റ്റീവ് ബജറ്റാണിതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.വലിയ വെല്ലുവിളിയാണ് സംസ്ഥാനത്തെയും അതിലുപരി പുതിയ ധനമന്ത്രിയെയും കാത്തിരിക്കുന്നത്. ആരോഗ്യമേഖലയ്ക്കും ജനക്ഷേമത്തിനും ഊന്നല്‍ നല്‍കിയുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുക. കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് പൂര്‍ണമായും അടച്ചിട്ടതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനെ മറികടക്കാന്‍ പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്ന വലിയ വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും. കോവിഡിന്റെ മൂന്നാം വരവിനെക്കുറിച്ചുള്ള ആശങ്ക കണക്കിലെടുക്കും. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. തോമസ് ഐസക് അവതരിപ്പിച്ചത് സമഗ്രമായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.ഇരു ബജറ്റുകള്‍ക്കും ഇടയിലുണ്ടായ കോവിഡിന്റെ രണ്ടാം തരംഗവും ഇനി മുന്നില്‍ക്കാണുന്ന മൂന്നാം തരംഗവും നേരിടാനുളള പദ്ധതികള്‍ ആരോഗ്യ മേഖലയില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യമാക്കുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുക്കാന്‍ ഫണ്ട് വകയിരുത്തും. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള തുടക്കവും ബജറ്റിലെ പദ്ധതികളിലുണ്ടാകും.ഇടതു മുന്നണിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. കടലാക്രമണം പ്രതിരോധിക്കാന്‍ പദ്ധതിയും ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോക് ഡൗണ്‍ ആഘാതം ഏറ്റവുമധികം നേരിട്ട ചെറുകിട വ്യാപാര വ്യവസായ മേഖലകളും ടൂറിസവും കൈത്താങ്ങ് പ്രതീക്ഷിക്കുന്നു. നികുതി നികുതിയിതര വരുമാനം വര്‍ധിപ്പിക്കാന്‍ നടപടി ഉണ്ടായേക്കും. ഭൂമിയുടെ ന്യായവില കൂട്ടിയേക്കും.മദ്യ നികുതി വര്‍ധിപ്പിച്ചേക്കില്ല. കഴിഞ്ഞ ബജറ്റില്‍ വിശദമാക്കിയ പദ്ധതികളെ പറ്റി പരാമര്‍ശിച്ച് പോവുക മാത്രമാണ് ചെയ്യുകയെന്നാണ് സൂചന. അതിനാല്‍ ഒന്നര മണിക്കൂര്‍ കൊണ്ട് ബജറ്റവതരണം പൂര്‍ത്തിയായേക്കും.