തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസ് വരെയുള്ളവരുടെ മുന്‍ഗണനാ പട്ടിക പുതുക്കി.ബാങ്ക് ജീവനക്കാരും മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരും ഉള്‍പ്പെടെയുള്ള 11 വിഭാഗങ്ങളെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തി.ഹജ്ജ് തീര്‍ഥാടകര്‍, കിടപ്പ് രോഗികള്‍, പൊലീസ് ട്രെയിനി, പുറത്ത് ജോലി ചെയ്യുന്ന സന്നദ്ധ സേവകര്‍, മെട്രോ റെയില്‍ ജീവനക്കാര്‍, എയര്‍ ഇന്ത്യ ഫീല്‍ വര്‍ക്കേഴ്സ് തുടങ്ങിയവരാണ് പുതിയ പട്ടികയിലുള്ളത്. നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിലുള്ള 32 വിഭാഗക്കാര്‍ക്ക് പുറമെയാണിത്. കൂടാതെ ആദിവാസി മേഖലകളിലുള്ള 18 വയസിന് മുകളിലുള്ള എല്ലാവരെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ സൗജന്യ വാക്സിനേഷന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വിവിധ കോടതികളില്‍ നിയമപോരാട്ടം തുടരുകയാണെങ്കിലും 18 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ളവരുടെ വാക്സിനേഷന്‍ സംസ്ഥാന സര്‍ക്കാരുകളോ വ്യക്തികള്‍ സ്വന്തം നിലയ്ക്കോ ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവാക്സിന്‍ എന്നിവയാണ് നിലവില്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന വാക്സിനുകള്‍. സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.കൊറോണയുടെ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മൂന്നാം തരംഗത്തിന്റെ ആശങ്കയിലാണ് രാജ്യം. മൂന്നാം തരംഗം ചെറുക്കാനുള്ള പ്രധാന പോംവഴിയായി പരമാവധിപേർക്ക് ആദ്യഡോസ് മരുന്നെങ്കിലും നൽകണമെന്നാണ് ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്നത്.