ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളും മരണനിരക്കും കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്ത് 1.52 ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 9ന് ശേഷമുളള ദെെനംദിന വെെറസ് ബാധിതരുടെ എണ്ണത്തിലെ ഏറ്റവും കുറഞ്ഞ വര്‍ദ്ധനവാണിത്. 3128 കൊവിഡ് മരണങ്ങളാണ് പുതിയതായി സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 26ന് ശേഷമുളള ഏറ്റവും താഴ്ന്ന മരണസംഖ്യയാണിത്. കഴിഞ്ഞ ആഴ്ചത്തേക്കാള്‍ അയ്യായിരത്തോളം മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച 24000 മരണങ്ങള് രേഖപ്പെടുത്തിയപ്പോള്‍ അതിനു മുന്‍പത്തെ ആഴ്ച 29000 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.രാജ്യത്തെ രോഗമുക്തരുടെ നിരക്ക് 91.60 ശതമാനമായി വര്‍ദ്ധിച്ചു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 9.04 ശതമാനവും പ്രതിദിന നിരക്ക് 9.07 ശതമാനവുമാണ്. തുടര്‍ച്ചയായ ഏഴു ദിവസമായി പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയാണ്.അതേസമയം തമിഴ്നാട് (28,864), കര്‍ണാടക (20,378), കേരളം (19,894), മഹാരാഷ്ട്ര (18,600), ആന്ധ്രപ്രദേശ് (13,400) എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 1.52 ലക്ഷം പുതിയ രോഗികളില്‍ 66.22 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലും (814) തമിഴ്നാട്ടിലുമാണ് (493) ഏറ്റവും കൂടുതൽ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്.2.56 കോടിയാളുകള്‍ ഇതുവരെ രോഗമുക്തി നേടി. 20.26 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
India, News
രാജ്യത്ത് പ്രതിദിന കൊവിഡ് മരണങ്ങളും കേസുകളും കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനും താഴെ
Previous Articleസംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍