തിരുവനന്തപുരം:രോഗികളുടെ എണ്ണം കുറഞ്ഞ് തുടങ്ങിയതോടെ സമ്പൂർണ്ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ സര്‍ക്കാര്‍. ഇന്ന് മുതല്‍ വിവിധ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. മെയ് 8നാണ് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയത്. പിന്നീട് രണ്ട് തവണയായി ലോക്ക്ഡൗണ്‍ നീട്ടുകയും ചെയ്തിരുന്നു.നിലവിൽ ജൂണ്‍ 9 വരെയാണ് ലോക്ക്ഡൗൺ.രോഗനിരക്ക് കുറയുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇരുപത് ശതമാനത്തിലും താഴെ എത്തിയതോടെയാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്ഡൗണ്‍ കേരളത്തില്‍ കൊവിഡിനെ പിടിച്ചുകെട്ടുന്നതില്‍ ഏറെ ഫലപ്രദമായിരുന്നു എന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ മരണനിരക്ക് ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നതിനാലാണ് ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്. ജില്ലവിട്ടുള്ള യാത്രകളിലും അതിനാല്‍ അയവ് വന്നിട്ടില്ല.
ഇളവുകള്‍ ഇങ്ങനെ:
- വ്യാവസായിക സ്ഥാപനങ്ങളും ഉല്പാദന കേന്ദ്രങ്ങളും കുറഞ്ഞ ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. 50 ശതമാനത്തിലധികം ജീവനക്കാർക്ക് ജോലിക്ക് എത്താനാവില്ല.
- വ്യവസായങ്ങള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ ജീവനക്കാരെ വച്ച് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കാം.
- വ്യാവസായിക മേഖലകളില്‍ ആവശ്യമനുസരിച്ച് കുറഞ്ഞ അളവില്‍ ബസുകള്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് അനുമതി നൽകി.
- ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കാം.
- വിവാഹങ്ങള്‍ കണക്കിലെടുത്ത് തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവ വില്‍ക്കുന്ന കടകളും ജ്വല്ലറികളും തിങ്കളാഴ്ച, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കുറഞ്ഞ ജീവനക്കാരുമായി രാവിലെ ഒൻപത് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാന്‍ അനുമതി.
- വിദ്യാര്‍ത്ഥികളുടെ പഠന സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ കുറഞ്ഞ ജീവനക്കാരെ വച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കാം.
- കള്ള് ഷാപ്പുകളില്‍ പാര്‍സല്‍ അനുവദിക്കും.
- ദേശീയ സേവിംഗ്സ് സ്കീമിലെ ആര് ഡി കളക്ഷന്‍ ഏജന്റുമാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ പണം അയയ്ക്കാന്‍ അനുവാദമുണ്ട്. ഇതിനായി എല്ലാ തിങ്കളാഴ്ചയും യാത്ര ചെയ്യാന്‍ അവരെ അനുവദിക്കും.
- സര്‍ക്കാര്‍ സര്‍വീസില്‍ പുതുതായി നിയമിതരായവര്‍ക്ക് പിഎസ്സി ശുപാര്‍ശ പ്രകാരം ജോലിയില്‍ പ്രവേശിക്കാനായി ഓഫീസിലേക്ക് യാത്ര ചെയ്യാം.