Kerala, News

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു; സത്യപ്രതിജ്ഞയെടുത്ത് എംഎല്‍എമാര്‍

keralanews first session of the 15th kerala legislative assembly begins mlas sworn in

തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇപ്പോള്‍ സഭയില്‍ നടക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. സഭയില്‍ 140 അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്. വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്ന് സഭയിലെത്തിയ അബ്ദുള്‍ ഹമീദ് മാസ്റ്ററാണ് ആദ്യം പ്രതിജ്ഞയെടുത്തത്. പ്രോട്ടേം സ്പീക്കറായ കുന്നമംഗലം എംഎല്‍എ പിടിഎ റഹിമാണ് എംഎല്‍മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. കഴിഞ്ഞ നിയമസഭയില്‍ അംഗങ്ങളായിരുന്ന 75 പേര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 12-ാം തവണ തുടര്‍ച്ചയായി സഭയിലെത്തുന്ന ഉമ്മന്‍ചാണ്ടിയാണ് സീനിയര്‍. 53 പേര്‍ പുതുമുഖങ്ങളാണ്. കോവിഡ് ബാധിതരായ യു പ്രതിഭ, കെ ബാബു, എം വിന്‍സെന്‍റ് എന്നിവര്‍ സത്യപ്രതിജ്ഞക്കെത്തില്ല. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ അംഗങ്ങള്‍ സഭാ രജിസ്ട്രറിൽ ഒപ്പുവെച്ചശേഷം ഇരിപ്പിടങ്ങളിലേക്ക് മടങ്ങണം. സത്യപ്രതിജ്ഞക്ക് ശേഷം സഭ ഇന്ന് പിരിയും.സ്പീക്കറെ തിരഞ്ഞെടുക്കുന്നത് ചൊവ്വാഴ്ചയാണ്. നാമനിര്‍ദേശ പത്രിക ചൊവ്വാഴ്ച ഉച്ചവരെ നല്‍കാം. തൃത്താല എംഎല്‍എ എംബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. കുണ്ടറ എംഎല്‍എ പിസി വിഷ്ണുനാഥാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി.26, 27 തിയതികളില്‍ സഭ ചേരില്ല. 28ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും. തുടര്‍ന്ന് ജൂണ്‍ നാലിന് രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഉണ്ടാകും. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കും. 14-ാം തിയതി വരെയാണ് സഭ ചേരുന്നത്.

Previous ArticleNext Article