തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ആളെണ്ണം വീണ്ടും കുറച്ചു. ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ കൂടെ അടിസ്ഥാനത്തില്‍ സത്യപ്രതിജ്ഞയ്ക്ക ആളുകളുടെ എണ്ണം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. നിലവില്‍ വേദിക്ക് താഴെയായി 250 കസേരകള്‍ മാത്രമാണ് ഒരുക്കിയിരിക്കിയിരുക്കുന്നത്. ആളുകള്‍ കൂടുതലായി വന്നാല്‍ 100 കസേരകള്‍ കൂടി പിന്നിലിടും.വേദിയില്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിയ്ക്കും നിയുക്ത മന്ത്രിമാര്‍ക്കും മാത്രമായിരിക്കും ഇരിപ്പിടമുണ്ടായിരിക്കുക.ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ 2 ഡോസ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്. സ്‌റ്റേഡിയത്തില്‍ പോലീസിന്റെ സുരക്ഷ പരിശോധനയും സാനിറ്റേഷനും നടക്കുകയാണ്. പൊതമരാമത്ത്, ഇലക്‌ട്രിക്കല്‍ വിഭാഗത്തിന്റെ സുരക്ഷ പരിശോധനയും നടക്കും. 50 പോലീസുകാര്‍ മാത്രമായിരിക്കും ചടങ്ങില്‍ സുരക്ഷയ്ക്കായി ഉണ്ടായിരിക്കുക. വൈകിട്ട് മൂന്നരയ്ക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയ്ക്കും സ്പീക്കര്‍ തിരഞ്ഞെടുപ്പിനുമായി ഈ മാസം 24, 25 തീയതികളില്‍ നിയമസഭ ചേരും. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കായി പ്രോ-ടേം സ്പീക്കറെ തിരഞ്ഞെടുക്കും. 24ന് സത്യപ്രതിജ്ഞയും 25ന് സ്പീക്കര്‍ തിരഞ്ഞെടുപ്പും നടക്കും.