Kerala, News

സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് സ്ഥാനക്കയറ്റം നൽകും; സർക്കാർ ഉത്തരവ് പുറത്തിറക്കി

keralanews class promotion will be given to all students from class one to class nine in the state government issued the order

തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് കയറ്റം നൽകാൻ നിർദ്ദേശിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9ാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും ക്ലാസ് കയറ്റം നൽകാനാണ് ഉത്തരവിൽ പറയുന്നത്.’വര്‍ക്ക് ഫ്രം ഹോം’ സാധ്യത ഉപയോഗപ്പെടുത്തി അധ്യാപകര്‍ മേയ് 25-നകം പ്രൊമോഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. 2021-22 വർഷത്തേക്കുള്ള പ്രവേശനം ഇന്ന് ആരംഭിക്കണം. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് വേണം ഇത്. ലോക്ക്ഡൗണിന് ശേഷം രേഖകൾ പരിശോധിച്ച് പ്രവേശന നടപടികൾ പൂർത്തിയാക്കണം. വിടുതൽ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ കൈറ്റിലൂടെ ഉടനറിയാം. ഒരുവര്‍ഷക്കാലം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ നടത്തിയ പഠനപ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്താനും നിര്‍ദേശമുണ്ട്.ഇതിനായി ക്ലാസ് ടീച്ചര്‍മാര്‍ പുതിയ ക്ലാസുകളിലേക്ക് പ്രൊമോഷന്‍ നല്‍കുന്ന കുട്ടികളെ ഫോണ്‍വഴി ബന്ധപ്പെടും. കുട്ടികളുടെ അക്കാദമികനിലവാരം, വൈകാരിക പശ്ചാത്തലം എന്നിവ സംബന്ധിച്ച്‌ വിശദമായി സംസാരിക്കുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും.ക്ലാസ് ടീച്ചര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പ്രഥമാധ്യാപകര്‍ അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് മേയ് 31-നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കാനും നിര്‍ദേശമുണ്ട്.

Previous ArticleNext Article