മുംബൈ: മുംബൈ തീരത്ത് കനത്ത നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ്.ചുഴലിക്കാറ്റില്‍ പെട്ട് ഒഎന്‍ജിസി ബാര്‍ജുകള്‍ മുങ്ങി 127പേരെ കാണാതായി. മൂന്നു ബാര്‍ജുകളിലായി നാനൂറിലേറെപ്പേര്‍ ഉണ്ടായിരുന്നപ്പോഴാണ് അപകടമുണ്ടായത്. 147 പേരെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അറബിക്കടലില്‍ മുംബൈ തീരത്തിന് സമീപം തിങ്കളാഴ്ച വൈകീട്ടാണ് ബാര്‍ജുകള്‍ മുങ്ങിയത്. ഗുജറാത്ത് തീരത്ത് 185 കിലോമീറ്റര്‍ വേഗതയില്‍ അതിതീവ്ര ചുഴലിക്കാറ്റ് വീശയടിക്കുന്നതിന് തൊട്ടുമുന്‍പാണ് ബാര്‍ജുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്. മൂന്ന് ബാര്‍ജുകളില്‍ ഉണ്ടായിരുന്ന 410 പേരെ രക്ഷിക്കണമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാവികസേന മൂന്ന് കപ്പലുകളെയാണ് രക്ഷാദൗത്യത്തിന് നിയോഗിച്ചത്.പി 305 ബാര്‍ജില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് താല്‍വര്‍ എന്നി കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്. 137 പേരുള്ള ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന ബാര്‍ജും അപകടത്തില്‍ പെട്ടിട്ടുണ്ട്. എന്ജിന് തകരാറിനെ തുടര്‍ന്ന് മുംബൈ തീരത്ത് നിന്ന് 8 നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് ഈ ബാര്‍ജ് അപകടത്തില്‍പ്പെട്ടത്. സാഗര്‍ ഭൂഷണ് ഓയില്‍ റിഗും എസ്എസ്- 3 ബാര്‍ജും അപകടത്തില്‍പ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. 101 പേരാണ് റിഗില്‍ ഉണ്ടായിരുന്നത്. എസ്എസ്-3 ബാര്‍ജില്‍ 196 പേരാണ് ഉണ്ടായിരുന്നത്. ജീവനക്കാരെ രക്ഷിക്കുന്നതിന് ഐഎന്‍എസ് തല്‍വാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ തീരത്ത് നിന്ന് 175 കിലോമീറ്റര്‍ അകലെയാണ് ബാര്‍ജ് 305 നങ്കൂരമിട്ടിരുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 273 പേരാണ് ബാര്‍ജില്‍ ഉണ്ടായിരുന്നത്. നാവികസേനയുടെ പി 81 വിമാനം നിരീക്ഷണം നടത്തുന്നുണ്ട്.