തിരുവനന്തപുരം:സംസ്ഥാനത്ത് നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ആരംഭിച്ചു.രോഗവ്യാപനം കൂടുതലുള്ള തിരുവനന്തപുരം, ഏറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ അതിർത്തികൾ അടച്ചിടും. ജില്ലയിൽ പ്രവേശിക്കാനും പുറത്ത് ഇറങ്ങാനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാവുക. ട്രിപ്പിൾ ലോക്ക് ഡൗൺ കർശനമായി നടപ്പിലാക്കാൻ 10000 പോലീസുകാരെയാണ് ജില്ലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ സ്റ്റോർ, പെട്രോൾ പമ്പ് എന്നിവ തുറക്കും. പാൽ, പത്രം 8 മണിക്ക് മുൻപ് എത്തിക്കണം. ജില്ലയെ സോണുകളായി തിരിച്ച് ഉയർന്ന പോലീസ് ഉദ്യോഗസർക്ക് ചുമതല നൽകിയിട്ടുണ്ട്. ആൾക്കൂട്ടം പരിശോധിക്കാൻ ഡ്രോൺ സംവിധാനം ഉപയോഗിക്കും. വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതിയുണ്ട്. അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഉണ്ട്.മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു. യാത്രാ ഇളവ് ഉള്ള വിഭാഗങ്ങള്‍ പാസോ തിരിച്ചറിയല്‍ കാര്‍ഡോ കൈവശം സൂക്ഷിക്കണം.10 വയസ്സിന് താഴെയുള്ളവര്‍, 60 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ അവരുടെ അടിയന്തിര മെഡിക്കല്‍ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടുള്ളതല്ല.ക്വാറന്റൈൻ ലംഘിക്കുന്നവർക്കും അതിനെ സഹായിക്കുന്നവർക്കും എതിരെ കർശന നടപടിയുണ്ടാവും. ഭക്ഷണമുണ്ടാക്കുന്നതടക്കമുള്ള നടപടികൾക്ക് വാർഡ് തല സമിതി മേൽനോട്ടം വഹിക്കും. കമ്മ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോഗിക്കും. ഇതല്ലാതെ മറ്റു ഭക്ഷണവിതരണ സംവിധാനങ്ങളൊന്നും ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഉണ്ടാവില്ല.ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ കുറച്ച് ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടായിരിക്കും. മറ്റ് വളണ്ടിയര്‍മാര്‍ക്ക് പ്രവര്‍ത്തനപരിധി രേഖപ്പെടുത്തിയ പാസ് തഹസില്‍ദാര്‍ നല്‍കേണ്ടതാണ്. തുറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സ്ഥാപന ഉടമകള്‍ ദിവസവും അണുവിമുക്തമാക്കേണ്ടതാണ്. പൊതു മാര്‍ക്കറ്റുകളിലേക്കുള്ള പ്രവേശനം / പുറത്ത് കടക്കല്‍ എന്നിവ ഒരൊറ്റ വഴിയിലൂടെ ആയി പരിമിതപ്പെടുത്തേണ്ടതാണ്. പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗ്, സാനിറ്റൈസേഷന്‍ എന്നിവക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. മേല്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഇന്‍സിഡെന്‍റ് കമാണ്ടര്‍ / പൊലീസ് / തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം.