ഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വ്യാപന സാഹചര്യം അതീവ ഗുരുതരമാണെന്നും മരണനിരക്കില്‍ വരും ദിവസങ്ങളില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സംസ്ഥാനങ്ങളിലെ പ്രതിദിന കണക്കുകളും ആശുപത്രികളിലെ അവസ്ഥകളും മരണനിരക്കുകളും എല്ലാം പരിശോധിക്കുമ്പോൾ ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമാകുകയാണെന്നാണ് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അധനോം ഗബ്രയേസസ് പറയുന്നത്. ആദ്യ വര്‍ഷത്തെ മഹാമാരിക്കാലത്തേക്കാള്‍ രൂക്ഷമായിരിക്കും രണ്ടാം തരംഗത്തിലേതെന്നും അദ്ദേഹം സൂചിപ്പിച്ചു.ഇത് ഇന്ത്യയില്‍ മാത്രമായി പരിമതിപ്പെടുന്നില്ല. നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, കംബോഡിയ, തായ്‌ലാന്‍ഡ്, ഈജിപ്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകളും മരണങ്ങളും വര്‍ധിക്കുകയാണ്. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ഈ രാജ്യങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലോകാരോഗ്യ സംഘടന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യവര്‍ഷത്തേക്കാള്‍ കൂടുതല്‍ മാരകമായ കോവിഡ് രണ്ടാം മഹാമാരിയെയാണ് ലോകം നേരിടുന്നത്. വാക്‌സിന്‍ വിതരണം ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ആളുകളുടെ ജീവന്‍ രക്ഷിച്ച് കോവിഡിനെ മറികടക്കാന്‍ പൊതുജനാരോഗ്യ നടപടികള്‍ക്കൊപ്പം വാക്‌സിനേഷന്‍ മാത്രമാണ് ഒരേയൊരു വഴിയെന്നും ടെഡ്രോസ് അഥനോം പറഞ്ഞു.