കണ്ണൂർ:കര്‍ണാടകത്തില്‍ നിന്നും പച്ചക്കറി ലോറിയിൽ കടത്താൻ ശ്രമിച്ച 18 പെട്ടി മദ്യം എക്സൈസ് സംഘം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ നാദാപുരം കല്ലാച്ചി സ്വദേശി സി. സി. രതീഷ് (39) നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.മദ്യം കടത്താന്‍ ഉപയോഗിച്ച മിനിലോറിയും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൂട്ടുപുഴ എക്സൈസ് സംഘം അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് മദ്യം പിടികൂടിയത്.വെള്ളിയാഴിച്ച രാവിലെ ഒന്‍പതു മണിയോടെയാണ് കര്‍ണാടകത്തില്‍ നിന്നും മാക്കൂട്ടം ചുരം വഴി പച്ചക്കറി യുമായി എത്തിയ മിനിലോറിയിൽ കിളിയന്തറയിലുള്ള കൂട്ടുപുഴ എക്സൈസ് സംഘം പരിശോധന നടത്തിയത്. പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മദ്യം. 18 കാര്‍ഡ്ബോര്‍ഡ് പെട്ടികളിലായി 1296 പാക്കറ്റ് മദ്യമാണ് കണ്ടെടുത്തത്.ലോക്ക് ഡൗണിന്റെ ഭാഗമായി കേരളത്തില്‍ മദ്യശാലകള്‍ അടഞ്ഞു കിടക്കുന്ന പശ്ചാത്തലത്തില്‍ കര്‍ണ്ണാടകത്തില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന മദ്യം വലിയ വിലക്കാണ് ഇവിടങ്ങളില്‍ വിറ്റഴിക്കുന്നത്. അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയതും ഇവര്‍ക്ക് ഇത്തരം വാഹനങ്ങളെ കള്ളക്കടത്തിനായി ഉപയോഗിക്കാന്‍ സഹായകമാകുന്നു. പച്ചക്കറി ഉള്‍പ്പെടെയുള്ള നിരവധി ചരക്ക് വാഹനങ്ങളാണ് ദിനം പ്രതി കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചേരുന്നത്. പിടികൂടിയ മദ്യത്തിന് ഒരു ലക്ഷത്തോളം രൂപ വിലമതിക്കും. 24 മണിക്കൂറും ചെക്ക് പോസ്റ്റില്‍ പരിശോധന നടന്നു വരുന്നതായും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും കൂട്ടുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ .എ. അനീഷ് പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ പി. സി. ഷാജി, കെ .സി. ഷിജു, സി. പി. ഷനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി. വി. ശ്രീകാന്ത്, എം.കെ. വിവേക്, പി.ജി. അഖില്‍, ഒ. റെനീഷ്, സി.വി. റിജിന്‍ തുടങ്ങിയവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.