പത്തനംതിട്ട: ജില്ലയിലെ കാനറാ ബാങ്ക് ശാഖയില്‍ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ബാങ്ക് ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസാണ് വിവിധ സ്ഥിരനിക്ഷേപകരുടെ അക്കൗണ്ടുകളില്‍നിന്ന് 8.13 കോടിയോളം രൂപ തട്ടിയെടുത്തത്. വിവിധ സമയങ്ങളിലായി പണം നഷ്ടമായതിനെ തുടർന്ന് ബാങ്ക് നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് കണ്ടെത്തിയത്. 14 മാസത്തിനിടെയാണ് ഇത്രയും രൂപ തട്ടിയെടുത്തിരിക്കുന്നത്.പണം പിന്‍വലിക്കാത്ത ദീര്‍ഘകാല നിക്ഷേപ അക്കൗണ്ടുകളില്‍നിന്നാണ് വിജീഷ് വര്‍ഗീസ് പണം തട്ടിയെടുത്തത്.കംപ്യൂട്ടറുകള്‍ ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ മാനേജര്‍ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. വിജീഷിനു വേണ്ടി പോലിസ് അന്വേഷണം ശക്തമാക്കി. പത്തനംതിട്ട നഗരത്തിലെ കാനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കാണ് കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്ത് ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ ക്ലോസ് ചെയ്തതായി അന്ന് പരാതി ലഭിച്ചിരുന്നു.ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടായിരുന്നു ഇത്. ഇക്കാര്യം ജീവനക്കാരന്‍ ബാങ്ക് മാനേജറെ അറിയിച്ചു. ഇതോടെ ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നല്‍കി. തുടര്‍ന്ന് ബാങ്കിന്റെ കരുതല്‍ അക്കൗണ്ടില്‍നിന്നുള്ള പണം തിരികെ നല്‍കി പരാതി പരിഹരിക്കുകയായിരുന്നു. എന്നാല്‍, ഓഡിറ്റിങ്ങില്‍ കോടികള്‍ നഷ്ടമായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. അതേസമയം, പരാതി ഉയര്‍ന്ന ഫെബ്രുവരി മുതല്‍ വിജീഷ് കുടുംബസമേതം ഒളിവിലാണ്. ഇവരുടെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫാണ്. നേരത്തെ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന വിജീഷ് ഉത്തരേന്ത്യയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.വിജേഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.