Kerala, News

ഇന്ത്യയുടെ വിവിഐപി വിമാനം എയര്‍ ഇന്ത്യ വണ്‍ പരീക്ഷണ പറക്കലിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിലെത്തി

keralanews indias vvip aircraft air india one arrives at kannur airport

കണ്ണൂർ:ഇന്ത്യയുടെ വിവിഐപി വിമാനം എയര്‍ ഇന്ത്യ വണ്‍ പരീക്ഷണ പറക്കലിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിലെത്തി.രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രകള്‍ക്കായി അമേരിക്കയില്‍ നിന്നു വാങ്ങിയ പ്രത്യേക വിമാനമാണ് എയര്‍ ഇന്ത്യ വണ്‍ എന്ന വിവിഐപി വിമാനം. മിസൈല്‍ ആക്രമണങ്ങളെ പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ഈ വിമാനം.പരീക്ഷണ പറക്കലിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ വണ്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലും പറന്നിറങ്ങിയത്. ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്തു 15 മിനിറ്റിനു ശേഷം ഡല്‍ഹിയിലേക്കു തന്നെ തിരികെപ്പോയി. പൈലറ്റുമാര്‍ ഉള്‍പ്പെടെ 9 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.യാത്രാവിമാന സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കുന്ന സമയത്തും വിവിഐപി വിമാനങ്ങള്‍ക്കു പ്രത്യേക പരിഗണനകള്‍ ലഭിക്കാറുണ്ടെങ്കിലും തിരക്കേറിയ വിമാനത്താവളങ്ങളില്‍ പരീക്ഷണ പറക്കലിന് അനുമതി ലഭിക്കാന്‍ കാത്തിരിക്കേണ്ടിവരാറുണ്ട്. കൊവിഡ് സാഹചര്യത്തില്‍ തിരക്കൊഴിഞ്ഞതോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിമാനത്താവളങ്ങളിലും എയര്‍ ഇന്ത്യ വണ്‍ പരീക്ഷണാര്‍ഥം ഇറക്കുന്നുണ്ട്. വിമാന റാഞ്ചലോ മറ്റോ സംഭവിച്ചാല്‍ സുരക്ഷാര്‍ഥം പാര്‍ക്ക് ചെയ്യേണ്ട ഐസലേഷന്‍ പാര്‍ക്കിങ്ങിലും വിമാനം പാര്‍ക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്. എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസസ് ലിമിറ്റഡാണ് വിമാനത്തിന്റെ പരിപാലന ചുമതല നിര്‍വഹിക്കുന്നത്. നിലവില്‍ ‘എയര്‍ ഇന്ത്യ വണ്‍’ എന്നറിയപ്പെടുന്ന ബി 747 വിമാനങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ സഞ്ചരിക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റുമാരാണ് ഈ വിമാനങ്ങള്‍ പറത്തുന്നത്. പ്രമുഖ നേതാക്കള്‍ക്കു വേണ്ടി സര്‍വീസ് നടത്താതിരിക്കുമ്പോൾ വാണിജ്യ സര്‍വീസുകള്‍ക്കും ഈ വിമാനങ്ങള്‍ ഉപയോഗിക്കാറുണ്ട്. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് (LAIRCM), സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്‌സ് (എസ്പിഎസ്), മിസൈല്‍ പ്രതിരോധ സംവിധാനമാണ് ‘എയര്‍ ഇന്ത്യ വണ്‍’ വിമാനത്തിലുള്ളത്. വിമാനത്തിനുളളില്‍ നിന്ന് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന വിപുലമായ വാര്‍ത്താവിനിമയ സംവിധാനം, ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ചികിത്സ സൗകര്യങ്ങള്‍, ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാനുളള സൗകര്യങ്ങള്‍, ആണവ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പോലും ക്ഷതമേല്‍ക്കില്ല തുടങ്ങി അമ്പരപ്പിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് ഈ വിമാനത്തിലുളളത്.

Previous ArticleNext Article