Kerala, News

കോവിഡ് വ്യാപനം;സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം;നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

keralanews covid spread chief minister pinarayi vijayan has said that the situation in the state is critical and restrictions will be tightened

തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമായിരിക്കുന്ന സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് മാനദണ്ഡപ്രകാരമുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇതുവരെയുള്ള പ്രതിദിന കോവിഡ് ബാധിതരുടെ കണക്കില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗബാധിതരായത് ഇന്നാണ്. 41,953 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആശുപത്രികളില്‍ ഒഴിവില്ലാത്തതിനാല്‍ കോവിഡ് ചികിത്സക്കായി ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കുമെന്നും, മെഡിക്കല്‍ വിദ്യാര്‍ഥികളെ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ ഓക്സിജന്‍ ലഭ്യതയില്‍ വലിയ പ്രശ്നങ്ങളില്ലല്ലെന്നും, സ്വകാര്യ ആശുപത്രികള്‍ക്ക് ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.സര്‍ക്കാര്‍ ആശുപത്രികളില്‍ 61.3 ശതമാനം ഐ.സി.യു കിടക്കകളും ഉപയോഗത്തിലാണെന്നും വെന്‍റിലേറ്ററുകളില്‍ 27.3 ശതമാനം ഉപയോഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്‌ഇബി, വാട്ടര്‍ അതോറിറ്റി കുടിശ്ശിക പിരിവുകള്‍ രണ്ടു മാസത്തേക്ക് നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബാങ്കുകളുടെ റിക്കവറി പ്രവര്‍ത്തനങ്ങളും താത്ക്കാലത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.വളരെ അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടില്‍ എത്തിക്കാന്‍ പൊലീസിന്റെ സഹായം തേടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.സാമൂഹ്യമാധ്യമങ്ങള്‍ വഴി കൊവിഡ് അവബോധം വളര്‍ത്തുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്റര്‍, സോഷ്യല്‍ മീഡിയാ സെല്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കി. പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്, മറ്റ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ എന്നിവ ബോധവല്‍ക്കരണത്തിനായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കൂടുതല്‍ ആളുകള്‍ ആശുപത്രികളിലേക്ക് എത്താനും അഡ്മിറ്റ് ആകാനും തിരക്കുകൂട്ടുന്നു എന്നാണ് താഴെക്കിടയില്‍ നിന്നും കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. ആളുകള്‍ കോവിഡ് ഉണ്ട് എന്നത് കൊണ്ട് മാത്രം ആശുപത്രിയില്‍ എത്തണമെന്നില്ല. കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും മറ്റ് അസുഖങ്ങള്‍ ഇല്ലാത്തവരും വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതി. അവര്‍ക്കുള്ള മറ്റ് സംവിധാനങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Previous ArticleNext Article