കൊച്ചി: സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് ലോക് ഡൗൺ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി. വോട്ടെണ്ണല്‍ ദിവസത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികള്‍ പര്യാപ്തമാണെന്നും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു.ലോക് ഡൗൺ ആവശ്യപ്പെട്ട് മൂന്ന് സ്വകാര്യ ഹർജികളാണ് കോടതിയ്ക്ക് ലഭിച്ചത്. വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾ കൊറോണ വ്യാപനം രൂക്ഷമാക്കുമെന്ന് ചൂണ്ടാക്കിട്ടിയായിരുന്നു ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് ദിനത്തിൽ കൊട്ടിക്കലാശം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും, സർക്കാരും നിർദ്ദേശം നൽകിയെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടില്ല. ഇതിൽ നടപടിയെടുക്കാനും സർക്കാർ തയ്യാറായില്ല. അതിനാൽ മെയ് രണ്ടിന് ലോക്ഡൗൺ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.എന്നാൽ സർവ്വ കക്ഷി യോഗത്തിന് ശേഷം ഉചിതമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അതിനാൽ ലോക് ഡൗൺ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. അന്നേ ദിവസം ആഹ്ലാദ പ്രകടനങ്ങൾ ഉൾപ്പെടെ വേണ്ടെന്നുവെച്ചിട്ടുണ്ടെന്നും, മാർഗ്ഗ രേഖ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ലോക് ഡൗൺ വേണ്ടെന്ന് കോടതി ഉത്തരവിട്ടത്.ജസ്റ്റിസ് അശോക് മേനോൻ ആണ് വിധി പറഞ്ഞത്.