Kerala, News

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഇല്ല;ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണം തുടരും

keralanews no complete lockdown in the state control will continue on saturdays and sundays

തിരുവനന്തപുരം:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ ധാരണ. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളിൽ നിയന്ത്രണം കടുപ്പിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി. അതേസമയം രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളിലെ മിനി ലോക്ക് ഡൗണ്‍ തുടരാന്‍ യോഗം നിര്‍ദേശിച്ചു. വാരാന്ത്യങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുന്നത് ഗുണം ചെയ്യുമെന്ന് യോഗം അഭിപ്രായപ്പെട്ടു.രോഗ വ്യാപനം കൂടുതൽ ഉള്ളിടത്ത് കടുത്ത നിയന്ത്രണ ഏർപ്പെടുത്തും. ബാറും ബിററേജസ് ഔട്ട്‌ലെറ്റുകളും തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കും. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാം. കടകൾ 7.30ന് തന്നെ അടയ്ക്കണമെന്നും സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണെന്നും യോഗം വിലയിരുത്തി. വോട്ടെണ്ണൽ ദിവസം ആഹ്‌ളാദ പ്രകടനങ്ങളും കൂട്ടം ചേരലും ഒഴിവാക്കാൻ അതത് രാഷ്ട്രീയ പാർട്ടികൾ സ്വമേധയാ നിർദ്ദേശിക്കണമെന്ന തീരുമാനവും യോഗത്തിലുണ്ടായി. നിലവിൽ ഉളള നിയന്ത്രണങ്ങൾ അതേപടി തുടരുകയും കുറച്ചുദിവസങ്ങൾ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കിൽ അപ്പോൾ കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നുമാണ് സർവകക്ഷിയോഗത്തിൽ തീരുമാനമായത്. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചത്. സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശത്തെ യോഗത്തില്‍ ആരും പിന്തുണച്ചില്ലെന്നാണ് സൂചന. ജനങ്ങളുടെ ജീവനോപാധി ഇല്ലാതാക്കി മുന്നോട്ടുപോവാനാവില്ലെന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ ലഭിച്ചത്.

Previous ArticleNext Article