Kerala, News

കൊറോണ വ്യാപനം; സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു

keralanews corona spread higher secondary practical exams postponed in the state

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടത്താനിരുന്ന ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു.28ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.മെയ് മാസത്തിൽ കൊറോണ വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് പ്രായോഗിക പരീക്ഷകൾ നടത്താമെന്നാണ് ഇപ്പോഴത്തെ ധാരണ. എന്നാൽ രോഗ വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണെങ്കിൽ പരീക്ഷകൾ പൂർണമായും ഒഴിവാക്കിയേക്കും. പകരം എഴുത്ത് പരീക്ഷയുടെ ശരാശരി കണക്കാക്കി പ്രായോഗിക പരീക്ഷയുടെ മാർക്ക് നിശ്ചയിച്ചേക്കും.അതേസമയം എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളുടെ ഐ.ടി. പരീക്ഷകളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.ഏപ്രില്‍ 29-ന് എസ്.എസ്.എല്‍.സി. പരീക്ഷകള്‍ പൂര്‍ത്തിയായശേഷം മേയ് അഞ്ചുമുതല്‍ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതത് സ്‌കൂളില്‍തന്നെയാണ് പരീക്ഷ. 14-ാം തീയതിക്കുള്ളില്‍ തീര്‍ക്കാനാണ് നിര്‍ദേശം. കുട്ടികളെ വിവിധ ബാച്ചുകളായി തിരിച്ച്‌ പരീക്ഷ നടത്താനാണ് തീരുമാനമെങ്കിലും കോവിഡ് സുരക്ഷ എങ്ങനെ പാലിക്കുമെന്ന കാര്യത്തിലാണ് അധ്യാപകര്‍ക്ക് ആശങ്ക. നേരത്തെ പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. ഇക്കാര്യത്തിൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നൽകും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തിയറി പരീക്ഷകൾ ഇന്ന് പൂർത്തിയാവുകയാണ്.

Previous ArticleNext Article