Kerala, News

കണ്ണൂർ സർവ്വകലാശാലയിൽ എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയ്ക്ക് നിയമനം നൽകാൻ നീക്കം നടക്കുന്ന സംഭവത്തിൽ വിസിയോട് വിശദീകരണം തേടി ഗവർണർ

keralanews governor seeks explanation from vc over appointment of wife of a n shamsir mla at kannur university

കണ്ണൂർ : കണ്ണൂർ സർവ്വകലാശാലയിൽ സിപിഎം എംഎൽഎ എ.എൻ ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നൽകാൻ നീക്കം നടക്കുന്ന സംഭവത്തിൽ വിസിയോട് വിശദീകരണം തേടി ഗവർണർ. സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റിയുടെ പരാതിയിലാണ് നടപടി. യൂണിവേഴ്‌സിറ്റി എച്ച് ആർഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്കാണ് എംഎൽഎയുടെ ഭാര്യ ഡോ. സഹലയെ നിയമിക്കാൻ തിരക്കിട്ട നീക്കം നടക്കുന്നത്.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ തിരക്കിട്ട് ഓണ്‍ലൈന്‍ അഭിമുഖം നടത്തി ഷംസീറിന്റെ ഭാര്യ ഡോ.സഹലയെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന സ്ഥിരം തസ്തികയിലേക്ക് നിയമിക്കാന്‍ ശ്രമം നടന്നു എന്നാണ് പരാതി.സെന്ററിലെ തസ്തികകൾ യുജിസി മാനദണ്ഡ പ്രകാരം താത്കാലികമാണെങ്കിലും അസിസ്റ്റന്റ് പ്രൊഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർക്കാർ സർവ്വകലാശാലയ്ക്ക് അനുമതി കൊടുത്തിരുന്നു. ഇതിലേക്കാണ് സഹലയെ സർവ്വകലാശാല പരിഗണിച്ചിരിക്കുന്നത്. അതേസമയം ഡയറക്ടറുടെ തസ്തികയിൽ ഇതുവരെ നിയമനം നടത്തിയിട്ടില്ല. ഈ തസ്തികയിലെ ഒഴിവ് നികത്താതെയാണ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നടത്താനായുള്ള സർവ്വകലാശാല നീക്കം. തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് അപേക്ഷകരായ 30 പേർക്ക് സർവ്വകലാശാല അറിയിപ്പ് ഇ മെയിൽ ആയി അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂവില്‍ അക്കാദമിക് മെരിറ്റോ ഗവേഷണപരിചയമോ അദ്ധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റര്‍വ്യൂ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നല്‍കാനായിരുന്നു നീക്കം. സെന്ററിന്റെ ഡയറക്ടറുടെ നിയമനം നടത്താതെ പെരുമാറ്റച്ചട്ടം നിലനില്‍ക്കേ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലൂടെ അസിസ്റ്റന്റ് പ്രൊഫസറുടെ നിയമനം മാത്രമായി നടത്തുന്ന നടപടി തടയണമെന്ന് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. കമ്മിറ്റി ഉന്നയിച്ച ആരോപണങ്ങളെല്ലാം ഗവര്‍ണര്‍ പരിശോധിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സര്‍വകലാശാലയുടെ നിലപാട് അറിയുന്നതിനായി വി.സിയുടെ മറുപടി ഗവര്‍ണര്‍ തേടിയിരിക്കുന്നത്.

Previous ArticleNext Article