കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ വൻ കവർച്ച. ജയിൽ കോംപൗണ്ടിനുള്ളിലെ ചപ്പാത്തി നിർമാണ യൂണിറ്റിന്റെ ഓഫീസിലാണ് മോഷണം നടന്നത്.ഇവിടെ നിന്നും രണ്ട് ലക്ഷത്തോളം രൂപയാണ് മോഷ്ടാക്കൾ കവർന്നത്.ഇന്ന് പുലർച്ചെയോടെയാണ് മോഷണം നടന്നതെന്ന് പോലീസ് സംശയിക്കുന്നു. ജയിലിന്റെ പ്രധാന ഗെയിറ്റിന് സമീപത്തുള്ള ഓഫീസിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ മേശവലിപ്പിൽ വെച്ചിരുന്ന 1,95,600 രൂപയാണ് കവർന്നത്. ഇവിടെ മുഴുവൻ സമയവും സായുധ സേനാംഗങ്ങൾ കാവൽ നിൽക്കാറുള്ളതാണ്.സംഭവത്തെ തുടർന്ന് ടൗൺ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.പ്രൊഫഷനല്‍ മോഷ്ടാക്കള്‍ക്ക് മാത്രമേ ജയിലില്‍ മോഷണം നടത്താനാകുവെന്ന നിഗമനത്തിലാണ് പൊലീസ്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച്ച രാത്രിയോടെ പെയ്ത വേനല്‍ മഴയിലും ഇടിമിന്നലിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലെന്ന പോലെ ജയിലിലും വൈദ്യുതി ബന്ധം നിലച്ചിരുന്നു ഈ സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.ജയിലില്‍ ഭക്ഷണം വറ്റു കിട്ടുന്ന പണം അതാത് ദിവസങ്ങളില്‍ ജയിലിലെ ഓഫിസില്‍ അടയ്ക്കാറാണ് പതിവ്. ഇന്നലത്തെ വിറ്റുവരവാണ് മോഷണം പോയത്. ജയില്‍ വകുപ്പിന്റെ ചപ്പാത്തി കൗണ്ടര്‍ രാവിലെ ഏഴു മണി മുതല്‍ രാത്രി പത്തു മണി വരെയാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ വിറ്റ ശേഷം പത്തു മണിയോടെ കൗണ്ടര്‍ അടയ്ക്കും.പിന്നെ അന്നത്തെ വിറ്റുവരവ് ജയിലിനോട് ചേര്‍ന്നുള്ള ഓഫിസില്‍ അടയ്ക്കാറാണ് പതിവ്. ഈക്കാര്യം കണക്കിലെടുത്ത് രാത്രി പതിനൊന്നിന് ശേഷവും പുലര്‍ച്ചെ അഞ്ചിനുമിടയിലാണ് മോഷണം നടന്നതെന്ന് വ്യക്തമാണെന്ന് പൊലിസ് പറഞ്ഞു.