തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ക്വാറന്റൈൻ, ഐസൊലേഷൻ മാർഗനിർദ്ദേശങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ് .കൊറോണ സ്ഥിരീകരിച്ചവർ ഡിസ്ചാർജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കണം.രോഗ ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടണം.ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ എട്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്താം. ഫലം നെഗറ്റീവ് ആണെങ്കിലും തുടർന്ന് 7 ദിവസം കൂടി ക്വാറന്റൈൻ തുടരേണ്ടതാണ്. പ്രാഥമിക സമ്പർക്കം വഴി രോഗസാധ്യത കൂടുതലുള്ളവർ വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈൻ പാലിക്കണം.ബിസിനസ് ആവശ്യങ്ങൾക്കായി കേരളത്തിൽ എത്തുന്നവർ ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന യാത്രക്കാർ നിർബന്ധമായും ഇ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിട്ടില്ലാത്തവർ കേരളത്തിൽ എത്തിയാലുടൻ പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനിൽ തുടരുകയും ചെയ്യണം.ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നില്ലെങ്കിൽ 14 ദിവസം റൂം ക്വാറന്റൈനിൽ കഴിയണം. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുകയും ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും വേണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.