
തിരുവനന്തപുരം : കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച രാവിലെ 11 മണിക്കാണ് യോഗം. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചത്. കഴിഞ്ഞ ദിവസം 19,577 പേർക്കാണ് സംസ്ഥാനത്ത് പുതുതായി കൊറോണ സ്ഥിരീകരിച്ചത്.മിക്ക ജില്ലകളിലും ആയിരത്തിലധികമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.രോഗവ്യാപന തോത് കുറയ്ക്കുന്നതിനായി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. അതിർത്തികളിൽ കേരളവും പരിശോധന ആരംഭിച്ചു. രാത്രികാല നിരോധനാജ്ഞയുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.